Headlines
Loading...
സ്ത്രീവിരുദ്ധ പരാമര്‍ശം, അപമാനം: നേതാക്കൾക്കെതിരെ എംഎസ്എഫ് വനിതാ സംഘടന

സ്ത്രീവിരുദ്ധ പരാമര്‍ശം, അപമാനം: നേതാക്കൾക്കെതിരെ എംഎസ്എഫ് വനിതാ സംഘടന

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും വനിത പ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്ത എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫിന്റ വനിത സംഘടന വനിത കമ്മീഷനെ സമീപിച്ചു. മുസ്ലീംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരിതയുടെ പുതിയ നീക്കം .

ജൂണ്‍ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സംഘടനകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്. എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ്‍‍ നേതാക്കള്‍ ചിത്രീകരിക്കുന്നത്.
 മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. 

ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നവാസിനും അബ്ദുള്‍ വഹാബിനും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട് പരാതിയാണ് വനിത കമ്മീഷന് നല്‍കിയിരിക്കുന്നത്. നേരത്തെ മുസ്ലീം ലീഗ് നേതൃത്വത്തിന് വനിത അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഇടപെടാന്‍ നേതൃത്വം തയാറായില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്.പാര്‍ട്ടിക്കുള്ളിലെ ഭിന്നത കാരണം പ്രതിസന്ധിയിലായ ലീഗിന് ഹരിതയുടെ നീക്കം തലവേദനയാകും.