കേരള ബാങ്ക് എ.ടി.എം തട്ടിപ്പിലൂടെ ലഭിച്ച പണം ബിറ്റ് കോയിനാക്കിയെന്ന് പ്രതികൾ
തിരുവനന്തപുരം: കേരള ബാങ്ക് എ.ടി.എം തട്ടിപ്പിലൂടെ ലഭിച്ച പണം ബിറ്റ് കോയിനാക്കിയെന്ന് പ്രതികള്‍. ബാങ്ക് ഇടപാടുകള്‍ സംശയമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പണം ബിറ്റ് കോയിനാക്കാന് തീരുമാനിച്ചതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്കി.
എ.ടി.എം വഴി പണം തട്ടിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സമദാനി, മുഹമ്മദ് നജീബ്, നുഅ്മാന് അഹമ്മദ് എന്നിവരെ സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. എ.ടി.എം തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ സോഫ്റ്റ്വെയര് കമ്ബനി ജീവനക്കാരനായ ഡല്‍ഹി സ്വദേശിയാണെന്ന് വിവരം. ഇയാള്‍ക്കായി ഉത്തരേന്ത്യയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ അഞ്ച് എ.ടി.എമ്മുകളില്‍ നിന്ന് 2.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് ഓഫ് ബറോഡയുടെ ഉത്തര്‍പ്രദേശിലെ വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് കാസര്‍കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയത്. കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ കിഴക്കേകോട്ട, നെടുമങ്ങാട് എ.ടി.എമ്മുകളില്‍ നിന്ന് 90,000 രൂപയാണ് നഷ്ടപ്പെട്ടത്.
തട്ടിപ്പിനായി കേരള ബാങ്കിന്റെ എ.ടി.എം സോഫ്റ്റ്വെയര് തയാറാക്കിയ കമ്ബനിയില്‍ നിന്ന് ഡല്‍ഹി സ്വദേശി രഹസ്യ പാസ്വേര്ഡുകള് ചോര്‍ത്തിയെന്നാണ് നിഗമനം. 2019 മുതല്‍ ഇ.വി.എം എ.ടി.എം മെഷീനുകള്‍ ഉപയോഗിക്കണമെന്ന ആര്.ബി.ഐ നിര്‍ദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായതായി ആക്ഷേപമുണ്ട്.