kannur
കണ്ണൂരില്‍ കോൺട്രാക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയ സ്ത്രീ അറസ്റ്റിൽ
കണ്ണൂർ പരിയാരത്ത് കോൺട്രാക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയ സ്ത്രീ അറസ്റ്റിൽ. പയ്യന്നൂര്‍ കാനായി സ്വദേശി എൻവി സീമയെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 19നാണ് ചെറുതാഴത്തെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിനൊടുവിൽ നാലംഗ ക്വട്ടഷൻ സംഘം പോലീസിന്‍റെ വലയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അക്രമണത്തിനിരയായ ആളുടെ സുഹൃത്തിന്‍റെ ഭാര്യയാണ് ക്വട്ടഷന് പിന്നിലെന്നു തെളിഞ്ഞത്. പോലീസുകാരനായ ഭർത്താവിന്‍റെ സുഹൃത്തിനെയാണ് വെട്ടിപ്പരിക്കേൽപ്പിക്കാൻ കേരളബാങ്ക് ഉദ്യോഗസ്ഥയായ സീമ മൂന്ന് ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയത്. മുൻ വൈരാഗ്യവും ഭർത്താവിനെ വഴിതെറ്റിക്കുന്നുവെന്ന സംശയവുമാണ് ക്വട്ടേഷൻ നൽകാൻ ഇവരെ പ്രേരിപ്പച്ചതെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി സ്വദേശികളായ രതീഷ്,
ജിഷ്ണു, അഭിലാഷ് എന്നിവരെയാണ് സീമ ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇവർ നീലേശ്വരം സ്വദേശികളായ പി.സുധീഷ്, കൃഷ്ണദാസ്, അഖിൽ, ബാബു എന്നിവർക്ക് ഈ ക്വട്ടേഷൻ മറിച്ചു നൽകി. പിടിയിലാകുമെന്നറിഞ്ഞതോടെ മുഖ്യ പ്രതിയായ സീമ തലശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ സീമയെ റിമാൻഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേർ ഇതുവരെ റിമാൻഡിലായി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാവാനുണ്ട്.