international desk
അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാൻ: പുതിയ സർക്കാർ ഉടൻ രൂപീകരിക്കും
അഫ്ഗാനിസ്താന്റെ പൂർണനിയന്ത്രണം ഏറ്റെടുത്തതോടെ യുദ്ധം അവസാനിച്ചെന്ന് താലിബാൻ. പുതിയ സർക്കാർ ഉടനെന്നും പ്രഖ്യാപനം. അതിനിടെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ കൊടി നാട്ടിയിരുന്നു. ഭരണത്തിന് താല്‍ക്കാലികമായി മൂന്നംഗ സമിതിക്ക് രൂപം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാക്കള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്‍റെ പേര് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ അറിയിച്ചു. താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുൻ പ്രസിഡന്‍റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു.