international desk
തടഞ്ഞുവച്ച 150 ഇന്ത്യക്കാരെയും കാബൂള്‍ വിമാനത്താവളത്തിലേക്ക് വിട്ടയച്ച് താലിബാന്‍; ഉടന്‍ തിരികെയെത്തിക്കാന്‍ തയ്യാറായി വ്യോമസേന
കാബൂൾ: വിമാനത്താവളത്തിന് പുറത്ത് താലിബാൻ രാവിലെ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇന്ന് രാവിലെ വിമാനത്താവളത്തിൽ ഗേറ്റിനടുത്ത് താലിബാൻ ഇവരെ തടഞ്ഞു. ശേഷം ട്രക്കുകളിൽ കയറ്റി ഇവരെ പുറത്തേക്ക് കൊണ്ടുപോയി. രേഖകൾ പരിശോധിച്ച് ചോദ്യം ചെയ്‌ത ശേഷം ഇവരെയെല്ലാം വിട്ടയച്ചതായാണ് വിവരം. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവരെ ഇവിടെനിന്നും ഉടൻ ഒഴിപ്പിക്കുമെന്നുമാണ് വിവരം.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ഇവരെ ഇന്ത്യയിലെത്തിച്ചു. ആയിരത്തോളം പേർ രാജ്യത്ത് വിവിധ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ കാബൂൾ വിമാനത്താവളത്തിൽ എത്തിക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം തുടരുകയാണ്. പലരും എംബസിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. 85ാളം പേരെ വ്യോമസേന രക്ഷപ്പെടുത്തി താജികിസ്ഥാനിൽ എത്തിച്ചിരുന്നു. ഇതിന് ശേഷം ഉടനാണ് 150ാളം പേരെ താലിബാൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ കൊണ്ടുപോയത്. ഇവരെ രക്ഷിച്ച് തിരികയെത്തിക്കാൻ വ്യോമസേന ഉടൻ തയ്യാറെടുക്കുകയാണ്. അതേസമയം 150 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത താലിബാൻ നിഷേധിച്ചിരുന്നു.