Headlines
Loading...
HAPPY BIRTHDAY ANU SITHARA: 'നിമിഷ എന്‍റെ സഹോദരിയെ പോലെ'- സൗഹൃദം തുറന്നുപറഞ്ഞ്​ അനു സിത്താര

HAPPY BIRTHDAY ANU SITHARA: 'നിമിഷ എന്‍റെ സഹോദരിയെ പോലെ'- സൗഹൃദം തുറന്നുപറഞ്ഞ്​ അനു സിത്താര

കോഴിക്കോട്​: നടി നിമിഷ സജയനുമായി ഉറ്റ സൗഹൃദവും സ്​നേഹവും തുറന്നു പറഞ്ഞ് നടി അനു സിത്താര. സുഹൃത്ത്​ മാത്രമല്ലെന്നും വീട്ടിലെ അംഗവും സഹോദരിയുമായാണ്​ നിമിഷയെ കാണുന്നതെന്നും സിനിമ തന്ന സമ്മാനമാണ്​ അവളെന്നും മീഡിയ വണ്ണിന് അനുവദിച്ച അഭിമുഖത്തിൽ നടി പറഞ്ഞു. 'നിമിഷ സിനിമയിലെ സുഹൃത്താണ് എന്ന് പറയാൻ പറ്റില്ല. എനിക്കെന്‍റെ സഹോദരിയെപ്പോലെയാണ്. വീട്ടിലെ അംഗത്തെ പോലെയാണ്. ലോക്ഡൗൺ കാലത്ത് നിമിഷ ഒരാഴ്ച എന്‍റെ വീട്ടിൽ വന്ന് താമസിച്ചിരുന്നു. അതുകഴിഞ്ഞ് ഞാൻ അവളുടെ ഫ്‌ളാറ്റിൽ ചെന്നു താമസിച്ചു' - അവർ പറഞ്ഞു.

'ഞാൻ ചാടിക്കയറി സംസാരിക്കുന്ന ആളല്ല. എന്നാൽ നിമിഷയെ ലൊക്കേഷനിൽ വച്ച് കണ്ടയുടൻ ഹായ് പറഞ്ഞു. പിന്നീട് തോളത്ത് കൈയിട്ടു നടക്കുന്നതായാണ് ഓർമ. ഇവർ ഇത്ര പെട്ടെന്ന് കൂട്ടായോ എന്ന് മധുപാൽ ചേട്ടനൊക്കെ ചോദിച്ചിരുന്നു. അവിടന്ന് തുടങ്ങിയ സൗഹൃദമാണ്. അതിനിയും ജീവിതത്തിൽ മുഴുവൻ കൊണ്ടു പോകുമെന്ന വിശ്വാസമുണ്ട്.' -നടി കൂട്ടിച്ചേർത്തു.

'മാലികിൽ അവളുടെ പ്രകടനം കണ്ടു. ആദ്യ ദിവസം തന്നെ സിനിമ കണ്ടിരുന്നു. അവളെ വിളിച്ചു പറയുകയും ചെയ്തു. സിനിമയെ കുറിച്ച് ഞങ്ങൾ അധികം സംസാരിക്കാറില്ല. വേറെ ഒരുപാട് കാര്യങ്ങളുണ്ട് ഞങ്ങൾക്കു പറയാൻ.' - അനു സിത്താര വാചാലയായി.