Headlines
Loading...
ഒടുവിൽ ശ്രീജേഷും കോടിപതി; 1 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

ഒടുവിൽ ശ്രീജേഷും കോടിപതി; 1 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

ദുബായ്: നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിപിക് മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ.ഷംഷീർ വയലിൽ. ടോക്കിയോയിൽ ജർമനിക്കെതിരായ വെങ്കല മെഡൽ വിജയത്തിൽ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികമെന്ന് അദ്ദേഹം അറിയിച്ചു. ഒളിംപിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ട കാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ. ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്കിയോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദനമർപ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതുതലമുറയ്ക്കും വരും തലമുറകൾക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.