national
ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം
പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് സ്‌പൈ വെയറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വവും നോട്ടീസ് നല്‍കി.
പെഗാസസ് വിവാദത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ഭരണകക്ഷി എംപി സുബ്രമണ്യന്‍ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ വാട്ടര്‍ ഗേറ്റ് വിവാദം പോലെ യാഥാര്‍ത്ഥ്യം പുറത്തു വന്നാല്‍ ബിജെപിയെ അത് വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പെഗാസസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിച്ചമച്ച കഥകളാണ് പ്രചരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. 2019 ലും സമാനമായ ആരോപണം വന്നിരുന്നെന്നും എന്നാല്‍ അന്നും ഇത്തരം വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമായതാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഇന്നലെയാണ് പെഗാസസ് ഇന്ത്യയില്‍ നടത്തിയ ചാരപ്പണിയുടെ വിവരങ്ങള്‍ പുറത്തു വന്നത്. രണ്ട് കേന്ദ്ര മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. 40 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.
സ്‌പൈവെയര്‍ നിരീക്ഷണത്തിലുള്ള ജഡ്ജി ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര മാധ്യമങ്ങളായ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യാ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഷിഷിര്‍ ഗുപ്ത, ദ വയറിലെ ജേര്‍ണലിസ്റ്റുകളായ സിദ്ധാര്‍ത്ഥ് വരദരാജ്, എം.കെ വേണു. രോഹിണി സിംഗ്, മലയാളി ജേര്‍ണലിസ്റ്റായ ജെ ഗോപികൃഷ്ണന്‍ തുടങ്ങിയവരുടെ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്.