Headlines
Loading...
‘നഹി എന്ന് പറഞ്ഞാല്‍ നഹി’; ബാങ്ക് ഒടിപി പറയരുത്, തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

‘നഹി എന്ന് പറഞ്ഞാല്‍ നഹി’; ബാങ്ക് ഒടിപി പറയരുത്, തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികൾ ആവശ്യമുണ്ട്. അവ തട്ടിയെടുക്കുന്നതിനായി പല മാർഗങ്ങളാണ് തട്ടിപ്പുകാർ മുന്നോട്ടുവെയ്ക്കുന്നതെന്നും അതില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേരള പൊലീസ് പറഞ്ഞു.

സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികൾ കൂടി ആവശ്യമുണ്ട്. അതിനായി പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് ഒടിപികൾ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും നിർദ്ദേശവും പൊലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

പൊതുവായി സ്വീകരിച്ചുവരുന്ന തട്ടിപ്പ് രീതികള്‍

•നിങ്ങള്‍ക്ക് ഒരു വിദേശ ലോട്ടറി അടിച്ചു. അതിന്റെ തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. അതിനാല്‍ ഒ.ടി.പി. വേണം എന്നു പറഞ്ഞുള്ള തട്ടിപ്പ്.

•നിങ്ങളുടെ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിക്കുവാന്‍ പോകുന്നു അതുകൊണ്ട് വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്നു . അതുകൊണ്ട് ഒടിപി ആവശ്യമുണ്ട്.

•ബാങ്കിലെ സോഫ്റ്റ്‌വെയർ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഒ.ടി.പി. ലഭിക്കും. അത് പറഞ്ഞു തരിക.

•മരിച്ചുപോയവരുടേയും ഓര്‍മ്മ നഷ്ടപ്പെട്ടവരുടെയും അവകാശികള്‍ ഇല്ലാത്ത വലിയൊരു തുക ഞങ്ങളുടെ ബാങ്കിൽ കെട്ടികിടക്കുന്നു.അത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുക്കുവാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ അക്കൗണ്ടില്‍ അയക്കുവാന്‍ പണം തരണം. OTP പറഞ്ഞുതരുക.

പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലായ്മ മൂലവും അറിവില്ലായ്മ മൂലവും വിദ്യാസമ്പന്നരുൾപ്പെടെ ഇത്തരം കുടുക്കുകളില്‍ ചാടിയിട്ടുണ്ട് . ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും കേരള പൊലീസ് കൂട്ടിച്ചേർത്തു.