national
വീട്ടമ്മമാരടക്കം അറുപതോളം സ്ത്രീകളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തി; പെഗാസസില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
ഇസ്രായേല്‍ ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരുടെ പുതിയ പട്ടിക പുറത്ത്. വീട്ടമ്മമാരടക്കം അറുപതോളം സ്ത്രീകളുടെ ഫോണും ചോര്‍ത്തിയതായി ദേശീയ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടമ്മമാര്‍, അഭിഭാഷകര്‍, അധ്യാപകകര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്ള ചില വനിതകളുടെ വിവരങ്ങള്‍ നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകവ്യാപകമായി 50,000 പേരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന് വേണ്ടിയായിരിക്കും പെഗാസസ് ചാര സോഫ്റ്റ്വേര്‍ വിവരങ്ങള്‍ ശേഖരിക്കുകയെന്ന് പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്തരാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന നിലപാടിലാണ് കേന്ദ്രം.
ചാര സോഫ്റ്റ്‌വേര്‍ ഉപയോഗപ്പെടുത്തി ഭരണകൂടം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. പെഗാസസ് ഉപയോഗിച്ചുകൊണ്ട് ഉപയോക്താവിന്റെ അനുവാദം ഇല്ലാതെ തന്നെ ഫോണില്‍ നിന്നും ഫോട്ടോ, ഇ- മെയില്‍, റെക്കോഡിംഗ്‌സ്, തുടങ്ങിയ വിവരങ്ങളും കൂടാതെ ഫോണിന്റെ ക്യാമറ, മൈക്രോഫോണ്‍ തുടങ്ങിയവ നിയന്ത്രിക്കുവാനും ഈ സ്‌പൈവേറിന് കഴിയും. അതുവഴി ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും ചോര്‍ത്തുവാന്‍ ഇതിന് കഴിയുമെന്നത് തന്നെയാണ് ഇതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്.