kerala
‘മോദി താടിവെട്ടിയില്ലെങ്കിലും മന്ത്രിമാരെ വെട്ടി’; പുതുമുഖങ്ങളെ കൊണ്ടുവന്ന് തകര്‍ന്ന പ്രതിച്ഛായ പുനഃസ്ഥാപിക്കാനാവില്ലെന്ന് എം വി ജയരാജന്‍
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടയില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബിജെപി ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്ന കുറ്റസമ്മതമാണ് മന്ത്രിമാരെ മാറ്റിയ മോദിയുടെ നടപടിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. പ്രധാനമന്ത്രി താടിവെട്ടിയില്ലെങ്കിലും മന്ത്രിമാരെ വെട്ടിമാറ്റിയെന്നും നീണ്ടുപോകുന്ന താടി വെട്ടാനാവാതെ മന്ത്രിമാരെ വെട്ടിമാറ്റി തൃപ്തിയടയുകയാണ് പ്രധാനമന്ത്രിയെന്നും ജയരാജന്‍ പരിഹസിച്ചു.
കൊവിഡ് പ്രതിരോധകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ആരോഗ്യമന്ത്രിയെ മാറ്റിയാല്‍ പരാജയത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാവും. പ്രധാനമന്ത്രിക്ക് രക്ഷപ്പെടാം. അതാണ് ഇത്തരം ചെപ്പടി വിദ്യയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. സഹകരണവകുപ്പ് അമിത്ഷായെ ഏല്‍പ്പിച്ചതും ധനമന്ത്രിയെ പൊതുമേഖല വിറ്റഴിക്കാന്‍ ഏല്‍പ്പിച്ചതും അതോടൊപ്പം സഹകരണ മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും കടുത്ത രാജ്യ ദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിദിന ഇന്ധന വിലക്കയറ്റവും കര്‍ഷകതൊഴിലാളി ദ്രോഹ നിയമങ്ങളും ന്യൂനപക്ഷ വേട്ട ലക്ഷ്യമാക്കിയുള്ള ദേശീയ പൗരത്വ രജിസ്റ്ററും പൊതുമേഖല മുഴുവന്‍ വിറ്റഴിക്കുന്ന നയവും ബന്ധപ്പെട്ട മന്ത്രിമാരുടെ വ്യക്തിപരമായ നയമല്ല. ബിജെപി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നയമാണ്. ഈ നയം മാറ്റാതെ 36 പുതുമുഖങ്ങളെ മന്ത്രിമാരാക്കിയാലൊന്നും സര്‍ക്കാറിന്റെ തകര്‍ന്ന പ്രതിച്ഛായ പുനഃസ്ഥാപിക്കാനാവില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സാമൂഹ്യനീതി, റെയില്‍വേ, വ്യോമയാനം, തുറമുഖ-ഷിപ്പിങ്ങ്, പെട്രോളിയം-സ്റ്റീല്‍, വാര്‍ത്താവിനിമയം ഉള്‍പ്പെടെ പ്രധാന വകുപ്പ് മന്ത്രിമാരെയെല്ലാം മാറ്റിയിട്ടുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ടതാണ് പല വകുപ്പുകളും. ബിജെപി സര്‍ക്കാറിന്റെ പൊതുനയമായ പൊതുമേഖലാ വില്പന വേഗതയില്‍ നടപ്പാക്കുക എന്നതാണ് അതിനുപിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണെന്നും അതിന് മന്ത്രിമാരുടെ മാറ്റം സഹായിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറു മാസമായി നടന്നുവരുന്ന കര്‍ഷകസമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കാനും കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാനും ഇന്ധനവിലനിര്‍ണ്ണായവകാശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനും പൊതുമേഖലാ ഓഹരി വില്പന നിര്‍ത്തിവെക്കാനും ജാതിമതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന വ്യവസ്ഥ റദ്ദാക്കാനും കോണ്‍ഗ്രസ്സില്‍ നിന്നും തൃണമൂലില്‍ നിന്നും ബിജെപിയിലെത്തിയ പുതിയ മന്ത്രിമാര്‍ക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടതെന്നും അതിന് കഴിയുന്നില്ലെങ്കില്‍ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് പകരുന്നത് പോലെ മാത്രമാവും ഈ മാറ്റങ്ങളെന്നും എം വി ജയരാജന്‍ പറഞ്ഞു.