national
രാഹുല്‍, പ്രിയങ്ക, പ്രശാന്ത് കിഷോര്‍, പ്രതിപക്ഷത്തെ സുപ്രധാന നേതാക്കളുടെ ഫോണ്‍ പെഗാസസ് ചോര്‍ത്തി
പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ സ്‌പൈ വൈറസ് ഉപയോഗപ്പെടുത്തി ശേഖരിച്ചുവെന്ന് വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 2019 വരെ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ രാഹുലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുപറയുന്നത് ഇക്കാലയളില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഉപയോഗത്തിലില്ലാത്ത ഈ നമ്പറുകളില്‍ നിന്ന് വലിയ രീതിയില്‍ വിവരം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന 2018 പകുതി മുതല്‍ 2019 വരെയാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ആംനസ്റ്റി ഇന്റര്‍നാഷല്‍ ഫോറന്‍സിക് പരിശോധയ്ക്ക് വിധേയമാക്കിയവരില്‍ രാഹുല്‍ ഗാന്ധിയുടെ വിവരങ്ങളില്ല. അതുകൊണ്ടുതവന്നെ ഫോറന്‍സിക് പരിശേധനകള്‍ക്ക് ശേഷമെ രാഹുല്‍ ഗാന്ധിക്കെതിരായി പെഗാസസ് വൈറസ് പ്രയോഗിച്ചോ എന്ന് ഉറപ്പിക്കാനാകുമോ എന്നും വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള വലിയ കടന്നുകയറ്റമാണ് ഉണ്ടായത്. ഇതിന്‍റെ വ്യാപ്തി ഏറെ വലുതാണ്. ഇത് ജനാധിപത്യത്തിന്‍റെ അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന്’- രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ട് മുന്‍പ് ഉയര്‍ന്നു വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം യാദൃശ്ചികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. വിവാദത്തോട് ലോക്‌സഭയില്‍ മറുപടി പറഞ്ഞ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ആരോപണങ്ങള്‍ തള്ളിയത്. ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശദമായ പരിശോധയില്ലാതെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉറപ്പിക്കാനാവില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു.
പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണ്. വസ്തുതകള്‍ മനസിലാക്കാന്‍ അംഗങ്ങള്‍ തയ്യാറാവണം. പുറത്ത് വന്ന വിവരങ്ങളും എന്‍എസ്ഒയും തമ്മില്‍ ബന്ധമില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ഐടി മന്ത്രി ചൂണ്ടിക്കാട്ടി. വളരെ വിവാദപരമായ ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത്. ഈ കഥയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രാജ്യത്ത് അനധികൃത നിരീക്ഷണം സാധ്യമല്ലെന്നും ഐടി മന്ത്രി സഭയില്‍ വ്യക്തമാക്കി. ദേശസുരക്ഷ ലക്ഷ്യമിട്ട് നിരീക്ഷണം നടത്താന്‍ രാജ്യത്ത് സംവിധാനമുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. പെഗാസസ് വിഷയത്തില്‍ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ദമായിരുന്നു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിയുകയും ചെയ്തു. പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു സഭയില്‍ പ്രതിഷേധിച്ചത്.
പുതിയതായി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. പ്രധാനമന്ത്രിയ്ക്ക് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ബഹളത്തെ തുടര്‍ന്ന് സാധിച്ചില്ല. പ്ലേകാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും സഭയില്‍ പ്രകോപിതരായി.