Headlines
Loading...
അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടില്ല, സിനിമ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം: മഹേഷ് നാരായണന്‍

അഭിപ്രായങ്ങളെ ഭയന്ന് ഒളിച്ചോടില്ല, സിനിമ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം: മഹേഷ് നാരായണന്‍

മാലിക്ക് സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. കൃത്യമായി കാണുന്നവര്‍ക്ക് എന്താണ് സിനിമ എന്ന് മനസ്സിലാകും. അല്ലാതെ സംസാരിക്കുന്നവര്‍ക്ക് എന്താണ് പ്രശ്നം എന്ന് അറിയില്ല. വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് തന്റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയും നല്ലതെന്നാണ് വിശ്വസിക്കുന്നതെന്നും മഹേഷ് നാരായണന്‍  പ്രതികരിച്ചു. 

നാലുനാള്‍ മുന്‍പ് ആമസോണ്‍ പ്രൈമിലെത്തിയ ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് സംവിധായകന്‍റെ പ്രതികരണം. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായി എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കുന്ന ആളാണ്. എന്നാല്‍ അഭിപ്രായങ്ങളെ ഭയന്ന് ഒളച്ചോടാനില്ല. സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. പറയാത്ത കാര്യങ്ങളാണ് പല അഭിമുഖങ്ങളിലും വരുന്നത്. മാനസികമായി ഒരിക്കലും തളര്‍ന്നിട്ടില്ല– അദ്ദേഹം പറഞ്ഞു. 

പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍.  അതിനുശേഷം ഈ വിഷയത്തിൽ കൂടുതല്‍  പ്രതികരിക്കാമെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. 

ബീമ പള്ളി വെടിവയ്പുമായി ബന്ധപ്പെട്ട സംഭവപരമ്പരകളുമായി സാദൃശ്യമുള്ള കഥാഗതിയുമായി പുറത്തിറങ്ങിയ സിനിമ, ചരിത്രത്തെ വളച്ചൊടിച്ചെന്ന മട്ടിലാണ് വിമര്‍ശനങ്ങളില്‍‌ ഏറെയും. എന്‍.എസ്.മാധവന്‍ അടക്കമുള്ള എഴുത്തുകാരും സിനിമ സത്യസന്ധമല്ലെന്ന വാദമുയര്‍ത്തി രംഗത്തെത്തിയിരുന്നു.