Headlines
Loading...
മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്: കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിൽ

മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്: കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിൽ

മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് അയച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്മാൻ, ഷാജഹാൻ എന്നിവരാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിച്ചുവരികയാണെന്ന് ക്രെെംബ്രാഞ്ച് അറിയിച്ചു. പിടിയിലായവരില്‍ ഹബീബ് റഹ്മാന്‍ ഇതിനും മുന്‍പും പലര്‍ക്ക് ഭീഷണികത്ത് അയച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നായിരുന്നു കത്തിലെ ഭീഷണി. മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ്, നാഥ് കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ ഉടമകള്‍ക്കുമാണ് മാവോയിസ്റ്റുകളുടെ കത്ത് വന്നത്. കത്തയച്ചയാള്‍ വയനാട്ടുകാരനാണെന്ന സൂചനയില്‍ അന്വേഷണം വയനാട്ടിലേക്കും വ്യാപിപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാള്‍ക്ക് കോഴിക്കോട് നഗരത്തിലുള്ളവരുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇന്നലെ നഗരത്തിലും മലാപ്പറമ്പിലും ക്രൈം ബ്രാഞ്ച് പരിശോധന പരിശോധന നടത്തിയത്. മാലാപ്പറമ്പില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ ഓഫീസിലാണ് തിരച്ചില്‍ നടന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.