kerala
‘സൂപ്പര്‍ മന്ത്രി വേണ്ട’; ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കല്‍ ‘സര്‍ക്കാര്‍ പരിശോധിച്ച് എടുത്ത തീരുമാനം’; ഉത്തരവില്‍ തിരുത്തല്‍
അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ച ഉത്തരവില്‍ തിരുത്തലുമായി സര്‍ക്കാര്‍. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവാണ് സര്‍ക്കാര്‍ പുതുക്കിയത്. തന്റെ അറിവോടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിക്കുന്നു എന്ന എ ജയതിലകിന്റെ ഉത്തരവാണ് സര്‍ക്കാര്‍ പരിശോധിച്ച് എടുത്ത തീരുമാനം എന്ന് തിരുത്തി പുതുക്കിയത്. നിലവില്‍ ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചത് സര്‍ക്കാര്‍ അറിവോടെ എന്ന തരത്തിലേക്ക് മാറുകയാണ് ഇപ്പോള്‍.
മരം മുറിയുമായ ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയതിനായിരുന്നു ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചത്. ശാലിനിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ നടപടി വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തിരുത്തുന്നത്. എന്നാല്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
നടപടിയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതായുണ്ടെങ്കില്‍ ഇടപെടുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു നടപടി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് സൂപ്പര്‍ റവന്യൂ മന്ത്രിയായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ഇതിന് മറുപടി പറഞ്ഞ റവന്യൂ മന്ത്രി കെ രാജന്‍ സര്‍ക്കാരും മന്ത്രിമാരും ഇടപെടേണ്ട വിഷയമാണെങ്കില്‍ ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു.