national
സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ഒന്നേകാല്‍ ലക്ഷം കോടി; നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമെന്നും കേന്ദ്രം
ചരക്ക് സേവന നികുതി (ജിഎസ്ടി) കുടിശ്ശിക ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാന്‍ ഇനിയും നല്‍കാനുള്ളത് ഒന്നേക്കാല്‍ ലക്ഷം കോടി രൂപയിലേറെയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിഎസ്ടി നഷ്ടപരിഹാരം വകയില്‍ 81,179 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കുടിശ്ശികയുള്ളളത്. നടപ്പുസാമ്പത്തികവര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലായി 55,345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയിട്ടുണ്ടെന്നും ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കൊവിഡ് രോഗബാധയുണ്ടാക്കിയ പ്രതിസന്ധി ജിഎസ്ടി പിരിവിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നും ധനകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കായി ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയിലെ 75,000 കോടി രൂപ ധനമന്ത്രാലയം വിതരണം ചെയ്തത്. ഇത് പ്രകാരം കേരളത്തിന് 4122 കോടി രൂപയും ലഭിക്കുന്ന നിലയുണ്ടായിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കണമെന്ന് കേരളത്തിലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇള്‍പ്പെടെ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി ഉന്നയിച്ച പ്രധാന ആവശ്യം.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മഹാരാഷ്ട്രയ്ക്കാണ് കുടിശ്ശികയായി കൂടുതല്‍ തുക ലഭിക്കാനുണ്ടായിരുന്നത്. 15,138 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് നല്‍കാനുള്ളത്. കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.