national
രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില ഉടന്‍ കുറയും; കാരണം ഇതാണ്....
രാജ്യത്തെ പെട്രോള്‍- ഡീസല്‍ വില ഉടന്‍ കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ധന ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്ക് പ്ലസ് ഉത്പാദനതോത് കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് പെട്രോള്‍ - ഡീസല്‍ വില കുറയാന്‍ സാധ്യത തെളിയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആവശ്യത്തിനനുസരിച്ചുള്ള ഇന്ധന ഉത്പാദനം നടക്കാത്തതിനാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോള്‍ - ഡീസല്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഒപെക്ക് രാഷ്ട്രങ്ങളോടൊപ്പം റഷ്യയും കൂടി ചേര്‍ന്നതാണ് ഒപെക്ക് പ്ലസ് സംഘടന.
ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 4,00,000 ബാരല്‍ അധികമായി ഉത്പാദിപ്പിക്കാനാണ് ഒപെക്ക് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ പ്രതിദിനം 20 ലക്ഷം ബാരലുകളുടെ ഉത്പാദനം നടക്കും. ഇന്ത്യക്ക് ഒരു ദിവസം ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ 44 ശതമാനം ആണിത്. ഇതുകൂടാതെ ഇന്ത്യ ഇന്ധനം വാങ്ങിക്കുന്ന യു എ ഇ, ഇറാക്ക്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങളുടെ നിലവിലെ ക്വാട്ട വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും പരോക്ഷമായി ഇന്ത്യക്ക് ഗുണകരമായി തീരുമെന്നാണ് വിലയിരുത്തല്‍.