Headlines
Loading...
കാവ്യസഞ്ചാരപഥത്തിലെ വേറിട്ട പ്രതിഭ ; ഇന്ന് ബാലാമണിയമ്മ ജന്മവാർഷികം

കാവ്യസഞ്ചാരപഥത്തിലെ വേറിട്ട പ്രതിഭ ; ഇന്ന് ബാലാമണിയമ്മ ജന്മവാർഷികം

സ്ത്രീയുടേയും പ്രകൃതിയുടേയും മാതൃഭാവത്തിന്റെ എക്കാലത്തേയും മികച്ച കവിതകൾ മലയാളിക്ക് സമ്മാനിച്ച കവയത്രിയാണ് ബാലാമണിയമ്മ. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസിന്റെ അഗാധതയും തീക്ഷ്ണതയും തന്റെ കവിതകളിൽ ആവാഹിച്ച ബാലാമണിയമ്മയ്ക്ക് മലയാള കവിതാചരിത്രത്തിൽ തന്റേതായ ഒരു ലോകം സൃഷ്ടിക്കാൻ സാധിച്ചു. കവിതയ്ക്ക് ഭൗതികാതീതമായ സൗന്ദര്യം നൽകിയ ബാലാമണിയമ്മ കാവ്യസഞ്ചാരപഥങ്ങളിൽ എന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ച പ്രതിഭയാണ്. അവരുടെ ഓരോ വരികളും ആ പ്രതിഭയുടെ ആഴവും പരപ്പും അടയാളപ്പെടുത്തുന്നു.

ഏതിനെപ്പുൽകുവാനേതിനെ ചുംബിക്കാൻ
മാതൃഹൃദയമേ! വെമ്പുന്നു നീ (ഏതിനെ)

സ്ത്രീയുടെ അകംലോകത്തെയും പുറംലോകത്തെയും അവതരിപ്പിച്ച ബാലാമണിയമ്മ തന്റെ കവിതകളിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢബന്ധത്തെ ശക്തമായി അവതരിപ്പിച്ചു. പ്രപഞ്ചംതന്നെയാണ് ബാലാമണിയമ്മയുടെ അമ്മ. പ്രകൃതി പൈതലും. പ്രകൃതി പിന്നീട് അമ്മയായും കവി കുഞ്ഞായും മാറുന്നതും കാണാം. സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളെല്ലാം ചെറുകവിതകളിലെ, വേലക്കാരികളിലൂടെയും അമ്മമാരിലൂടെയുമൊക്കെ ബാലാമണിയമ്മ അവതരിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തെപ്പറ്റി അവർ എഴുതുന്നത് ഇങ്ങനെയാവാം: 'വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ!'.

ഏതുകല്ലെങ്ങോട്ടെറിഞ്ഞതുമെങ്കൽത്താൻ തുള
ച്ചേറി മാലിന്യങ്ങളെക്കഴുകും നിണം ചോർത്തൂ. (വിശ്വഹൃദയം)

ആരുടെ കാലിൽത്തറയ്ക്കുന്ന മുള്ളുമെ
ന്നാത്മാവിനെക്കുത്തി നോവിക്കും (യാത്രയിൽ)

ആയിരം കണ്ണു തുടയ്ക്കുവാനുഴറുവോ
ർക്കാധിയേകാറില്ല താഴ്ചയുയർച്ചകൾ (യയാതി)

തൃശ്ശൂർ പുന്നയൂർകുളത്തെ നാലപ്പാട്ടുവീട്ടിൽ 1909 ജൂലായ് 19നാണ് ബാലാമണിയമ്മയുടെ ജനനം. ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ചുണ്ണിരാജായ്ക്കും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയ്ക്കും ജനിച്ച മകൾക്ക് അമ്മയുടെ തറവാടായ നാലപ്പാട്ട് ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. സാഹിത്യമർമജ്ഞനും കവിയും വിവർത്തകനുമെല്ലാമായിരുന്ന അമ്മാവൻ നാലപ്പാട്ട് നാരായണമേനോന്റെ ലൈബ്രറിയായിരുന്നു പാഠശാല. ദാർശനികനായ അമ്മാവന്റെ ശിക്ഷണം കവിതയ്ക്ക് അടിത്തറ പാകി. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുമായി 1928ൽ ആയിരുന്നു ബാലാമണിയമ്മയുടെ വിവാഹം.

യൗവനകാലത്തുതന്നെ കാവ്യരചന ആരംഭിച്ചിരുന്നുവെങ്കിലും ബാലാമണിയമ്മയുടെ കൃതികൾ പ്രസിദ്ധീകരിച്ചുതുടങ്ങിയത് 1930 മുതലാണ്. മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിക്കുന്നതായിരുന്നു ബാലാമണിയമ്മയുടെ കാവ്യസപര്യ. കൂപ്പുകൈ (1930), അമ്മ (1934), കുടുംബിനി (1936), ധർമമാർഗത്തിൽ (1938), സ്ത്രീഹൃദയം (1939), പ്രഭാങ്കുരം (1942), ഭാവനയിൽ (1942), ഊഞ്ഞാലിൽ (1946), കളിക്കൊട്ട (1949), വെളിച്ചത്തിൽ (1951), അവർ പാടുന്നു (1952), പ്രണാമം (1954), ലോകാന്തരങ്ങളിൽ (1955), മുത്തശ്ശി (1962), അമ്പലത്തിൽ (1967), നഗരത്തിൽ (1968) എന്നിവയാണ് പ്രധാന കൃതികൾ.

കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനിൽനിന്നും 1947ൽ സാഹിത്യനിപുണബഹുമതി നേടിയ ബാലാമണിയമ്മയ്ക്ക് 1965ൽ കേരള സാഹിത്യ അക്കാദമി, സാഹിത്യപരിഷത്ത് പുരസ്കാരങ്ങളും 1966ൽ 'മുത്തശ്ശി' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 1978ൽ കേന്ദ്രസർക്കാറിന്റെ പത്മഭൂഷൺ ബഹുമതിയും ബാലാമണിയമ്മയെ തേടിയെത്തി. സാഹിത്യത്തിനു നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം 1995ലെ കേരളപ്പിറവിദിനത്തിൽ ബാലാമണിയമ്മയ്ക്ക് ലഭിച്ചു. സരസ്വതിസമ്മാനവും ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ. 2004 സപ്തംബർ 29ന് ബാലാമണിയമ്മ അന്തരിച്ചു.