Headlines
Loading...
ജോസഫൈന്റെ പരാമര്‍ശം പൊതുസമൂഹം സ്വീകരിച്ചില്ലെന്ന് എ വിജയരാഘവന്‍; രാജി സന്നദ്ധത അംഗീകരിച്ചു

ജോസഫൈന്റെ പരാമര്‍ശം പൊതുസമൂഹം സ്വീകരിച്ചില്ലെന്ന് എ വിജയരാഘവന്‍; രാജി സന്നദ്ധത അംഗീകരിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ എം സി ജോസഫൈനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ മുന്നോട്ട് വച്ച് രാജി സന്നദ്ധത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചതായി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സെക്രട്ടേറിയേറ്റ് യോഗത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയായി എന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സാധാരണ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ഇടപെട്ട് വരുന്ന വ്യക്തിയാണ് ജോസഫൈന്‍. എന്നാല്‍ അവര്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമര്‍ശം പൊതു സമൂഹം സ്വീകരിച്ചില്ല. അതില്‍ അവര്‍ തന്നെ ഖേദം പ്രകടിപ്പിച്ചു. വിഷയം സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജോസഫൈന്‍ സംഭവങ്ങള്‍ വിശദീകരിച്ചു, സംഭവിച്ച പിശകില്‍ ഖേദം പ്രകടിപ്പിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധ അറിയിക്കുകയും ചെയ്യുകയായിരുന്നു എന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

ഇത്തരം വിഷയങ്ങളില്‍ സിപിഐഎമ്മിന് ഒരു നിലപാട് ഉണ്ട്. അതാണ് സ്വീകരിച്ചത്. അത് ഇന്നത്തെ പൊതുസമൂഹത്തിന് വേണ്ടിയാണെന്നും ഇതില്‍ മറ്റ് ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന സാഹചര്യങ്ങള്‍ നേരിടാന്‍ പ്രചാരണ പരിപാടിയുമായി സിപിഐഎം മുന്നോട്ട് പോവാനും സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ലിംഗ നീതി എന്ന വിഷയം ഗൗരവകരമായി കാണേണ്ട സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മികവാര്‍ന്ന പരിശീലനം നേടിയ മലയാളി വനിതകളുണ്ട്. ഇവര്‍ കേരളത്തിന് അഭിമാനമാണ്. വിഫുലമായ സ്ത്രീ മുന്നേറ്റ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ മുന്നേറ്റത്തിന്റെ അഭിമാനത്തെ മുറിപ്പെടുത്തുന്ന ചില കാര്യങ്ങള്‍ അടുത്തിടെ ഉണ്ടാവുന്നു. സമൂഹത്തിലേക്ക് യാഥാസ്ഥിതിക ആശങ്ങള്‍ കടന്നു വരുന്നു. സ്ത്രീ പങ്കാളിത്തത്തെ മോശമായി കാണുന്നു. പുതിയ വാക്കുകള്‍ കടന്നുവരുന്നു. പെണ്‍വാണിഭം, ദുരഭിമാന കൊലകള്‍, സ്ത്രീധന പീഡനം, ആത്മഹത്യ, ഡ്രസ് കോഡുകള്‍ അടിച്ചേല്‍പ്പിക്കല്‍ ഇവയെല്ലാം വ്യത്യസ്ഥ തലത്തിലുള്ള സ്ത്രീ വിരുദ്ധതയാണ്.

മിശ്ര വിവാഹത്തെ എതിര്‍ക്കുന്നു, ഇത്തരത്തിലുള്ളവരെ തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. ലിംഗ നീതിയില്‍ വലിയ ചര്‍ച്ച അനിവാര്യമാണ്. കേരളത്തില്‍ സ്ത്രീകളെ പിന്നോട്ട് അടിക്കുന്ന വലത് പക്ഷ വത്കരണത്തെ എതിര്‍ക്കുക എന്ന ആശയമാണ് സിപിഎം മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീ വിരുദ്ധമായി ഇപ്പോള്‍ രൂപപ്പെട്ട വിഷയങ്ങള്‍ ലിംഗ നീതിയുടെ വിഷയമായി കണക്കാക്കി ‘സ്ത്രീപക്ഷ കേരളം’ എന്ന പരിപാടി മുന്നോട്ട് വയ്ക്കുകയാണ് സിപിഐഎം. ജൂലായ് 1 മുതല്‍ 7 ദിവസം കേരളത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ വിഫുലമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി പ്രാദേശികമായി ഒരാഴ്ചക്കാലം ഗൃഹ സന്ദര്‍ശനം നടത്തി ജനങ്ങളുമായി ഇടപഴകും. സമൂഹത്തിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരായി പ്രചാരണം നടത്തും. ജൂലൈ എട്ടിന് കേരള വ്യാപകമായി സ്ത്രീ പക്ഷ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പൊതു ക്യാമ്പയിന്‍ സംഘടിപ്പിക്കും. സ്ത്രീകള്‍, യുവ ജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സാഹിത്യ സാസംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോവുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.