kerala
ആദ്യദിനം തന്നെ ജില്ലയുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിച്ച് എംഎൽഎമാർ
കാസർകോട്∙ ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 5 ജനപ്രതിനിധികളും ഇന്നലെ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലയുടെ വിവിധ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും എംഎൽഎമാർ സമയം കണ്ടെത്തി.
∙പ്രവാസികൾക്ക് വാക്സീൻ മുൻഗണന ആവശ്യപ്പെട്ട് എ.കെ.എം.അഷറഫ്
പ്രവാസികൾക്കു വാക്സിനേഷനു മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ആരോഗ്യമന്ത്രിക്കു നൽകിയതായി എ.കെ.എം. അഷ്റഫ് പറഞ്ഞു. കാസർകോട് ഉൾപ്പെടെയുള്ള കേരളത്തിലെ ആയിരക്കണക്കിനു പ്രവാസികൾ നാട്ടിലെത്തി തിരിച്ചു പോകാൻ പറ്റാത്ത സ്ഥിതിയിലാണുള്ളത്. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
∙ആരോഗ്യരംഗത്തെ പ്രതിസന്ധി മന്ത്രിയെ ധരിപ്പിച്ച് എൻ.എ.നെല്ലിക്കുന്ന്
കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകി. കോവിഡ് കാലത്ത് ജില്ല അനുഭവിച്ച ദുരിതങ്ങളും എംഎൽഎ മന്ത്രിയെ ബോധിപ്പിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് നേരിട്ടുള്ള യോഗം പ്രായോഗികമല്ല എങ്കിൽ ഓൺലൈൻ യോഗം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
∙കർഷകർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.എച്ച്.കുഞ്ഞമ്പു
ചുഴലിക്കാറ്റിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവർക്ക് ഉദുമ എംഎൽഎ എന്ന നിലയിൽ സി.എച്ച്. കുഞ്ഞമ്പുവിന്റെ ആദ്യ നിവേദനം. അതിർത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്കും കോട്ടിക്കുളം റെയിൽവേ മേൽപ്പാല നിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്കും സി.എച്ച്.കുഞ്ഞമ്പു നിവേദനം നൽകി. 10 വർഷം മുൻപ് ടാറിങ് നടത്തിയ ചെർക്കള-ജാൽസൂർ റോഡിന്റെ നവീകരണത്തിന് പ്രത്യേക പദ്ധതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്കും നിവേദനം നൽകിയതായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
∙റോഡ് നവീകരണ കരാർ റദ്ദാക്കിയതിൽ നടപടി ആവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയുടെ പൂടംകല്ല് മുതൽ ചിറംങ്കടവ് വരെയുള്ള റോഡ് നവീകരണ കരാർ റദ്ദാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്ത് നൽകി. പ്രസ്തുത റോഡിന്റെ കരാർ നടപടി റദ്ദാക്കിയതിന് പിന്നിലെ വസ്തുത അന്വേഷിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പാവപ്പെട്ട കുടുംബങ്ങൾക്കു ധനസഹായം തേടി എം.രാജഗോപാലൻ