kerala
കുഴല്‍പ്പണക്കേസില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; വാക്‌സിന്‍ എടുക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
തൃശൂർ : കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി തൃശൂർ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി . തൃത്തല്ലൂരിലെ വാക്സിൻ വിതരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റു . കുഴൽപ്പണ കേസിൽ തൃശൂർ ജില്ലയിലെ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ വന്ന ഫേസ് ബുക്ക് പോസ്റ്റാണ് സംഘർഷത്തിനിടയാക്കിയത് . വാടാനപ്പിള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗർ ഉള്ള മറുവിഭാഗവും സമൂഹ മാധ്യമങ്ങളിൽ വാക്പോര് നടത്തിയിരുന്നു . തുടർന്ന് വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട ഹരിപ്രസാദ് കൊവിഡ് വാക്സിൻ എടുക്കാൻ വാടാനപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ എതിർ ഗ്രൂപ്പുകാർ ചോദ്യം ചെയ്തു . ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ് , സഫലേഷ് , രജു എന്നിവരാണ് വാക്കു തർക്കമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു . തുടർന്നുണ്ടായ സംഘർഷത്തിൽ വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട ഹിരണിന് കുത്തേറ്റു . ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .