കർണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ജില്ലാ ആശുപത്രിയില്‍ രാത്രി 12നും പുലർച്ചെ 2നും ഇടയിലാണ് ഓക്സിജൻ തീർന്നുപോയത്. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
144 രോഗികളെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം മൂലം രോഗികള്‍ മരിച്ചുവെന്ന ആരോപണം ജില്ലാ അധികൃതർ നിഷേധിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കൾ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ പ്രകടനം നടത്തി. ആശുപത്രിയില്‍ ഓക്സിജന്റെ കുറവുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വിതരണം വൈകിയതിനാൽ ബെല്ലാരിയിൽ നിന്ന് വരേണ്ട ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്താത്തിയില്ല. പിന്നീട് 250 ഓക്സിജൻ സിലിണ്ടറുകൾ അർദ്ധരാത്രി മൈസൂരിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവമാണിത്. കല്‍ബുർഗി കെ.ബി.എൻ ആശുപത്രിയിൽ നാല് കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു.