kerala
15,761 പേര്‍ക്ക് യാത്രാനുമതി; 81,797 അപേക്ഷ തള്ളി പൊലീസ്; അനാവശ്യക്കാര്‍ ഏറെ
ലോക്ഡൗണിനിടെ യാത്രാനുമതിക്കായി സമീപിച്ച 15,761 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൊലീസ് യാത്രാപാസ് നല്‍കി. ആകെ ലഭിച്ച ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേരാണ് യാത്രാ പാസിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 81,797 അപേക്ഷകളും അനാവശ്യമെന്ന് ബോധ്യപ്പെട്ടതോടെ നിരസിച്ചു. അപേക്ഷ നല്‍കാനുളള അവസരം ദുരുപയോഗം ചെയ്യരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒഴിവാക്കാനാവാത്ത യാത്രകൾക്ക് മാത്രമേ പാസ് അനുവദിക്കൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഡി.ജി.പി അഭ്യർത്ഥിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള പൊലീസിന്റെ വെബ് സൈറ്റ് പ്രവർത്തനം തുടങ്ങിയത്. അപേക്ഷകർ കൂട്ടത്തോടെയെത്തിയതോടെ സൈറ്റ് പലപ്പോഴും തകരാറിലായി. 1,75,125 അപേക്ഷകളിൽ മഹാഭൂരിപക്ഷവും അനാവശ്യ അപേക്ഷകളും. അതോടെ യഥാർഥ ആവശ്യക്കാർക്ക് പോലും പാസ് നൽകുന്നതിൽ കാലതാമസമായി.
പാസ് ആർക്കൊക്കെ എന്നതിലും കൃത്യമായ മാനദണ്ഡമുണ്ട്. കൂലിപ്പണിക്കാർ ,ദിവസ വേതനക്കാർ തുടങ്ങി ലോക് ഡൗണിൽ പ്രവർത്തനാനുമതിയുള്ളവർക്ക് ജോലിക്ക് പോകാനാണ് പ്രധാനമായും പാസ് നൽകുന്നത്. ഇതിൽ അവശ്യ വിഭാഗത്തിലുള്ളവർക്ക് പാസ് വേണ്ട, സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിർമാണ തൊഴിലാളികൾക്ക് പാസ് നൽകുമെങ്കിലും അവർ തുടർച്ചയായി യാത്ര ചെയ്യരുത്. അവർക്ക് താൽകാലിക താമസ സൗകര്യമൊ യാത്രാ സംവിധാനമൊ തൊഴിലുടമ ഒരുക്കണം. ഇത് കൂടാതെ മരണം ,അടുത്ത ബന്ധുവിന്റെ വിവാഹം, ആശുപത്രി ആവശ്യം പോലെ ഒഴിവാക്കാനാവാത്ത യാത്രകൾക്കും പാസ് നൽകും. അതിനാൽ യഥാർഥ ആവശ്യക്കാർ മാത്രം അപേക്ഷിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ പാസ് നൽകാനാവുമെന്നും പൊലീസ് വ്യക്തമാക്കുന്നു