ഇന്ത്യയെ വാക്‌സിന്‍ ഹബ് ആക്കിയത് കോണ്‍ഗ്രസ്; കയറ്റുമതി ഉടൻ നിര്‍ത്തണം; മോദിക്ക് രാഹുലിന്റെ കത്ത്
ന്യൂഡൽഹി: രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനും മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. നിലവിലുള്ള വിധത്തിലാണ് വാക്സിൻ വിതരണം തുടരുന്നതെങ്കിൽ രാജ്യത്തെ 75 ശതമാനം ജനങ്ങൾക്കും വാക്സിൻ ലഭിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ബൃഹത്തായ വാക്സിൻ പദ്ധതികൾ തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യയ്ക്ക് അളവറ്റ അനുഭവജ്ഞാനമുണ്ടെങ്കിലും കോവിഡ് വിഷയത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമാണ് രാജ്യത്ത് വാക്സിൻ വിതരണം നടന്നതെന്ന് രാഹുൽ കത്തിൽ കുറ്റപ്പെടുത്തി. വാക്സിൻ കയറ്റുമതി സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച 'നോട്ടപ്പിഴവാ'ണോയെന്ന് രാഹുൽ കത്തിൽ ചോദ്യമുന്നയിച്ചു. ചെറിയ നിക്ഷേപങ്ങൾക്ക് പലിശനിരക്ക് കുറച്ചു കൊണ്ട് ഉത്തരവിറക്കുകയും പിന്നീട് നോട്ടപ്പിശകാണെന്ന് ന്യായീകരിച്ച് പിൻവലിക്കുകയും ചെയ്ത ധനമന്ത്രിയുടെ പരാമർശത്തെ സൂചിപ്പിക്കുകയായിരുന്നു രാഹുൽ.
സംസ്ഥാനങ്ങൾക്ക് അവർക്കാവശ്യമുള്ള അളവിൽ വാക്സിൻ ലഭ്യമാക്കാനുള്ള അധികാരം അനുവദിക്കാത്തതിനെ കുറിച്ചും രാഹുൽ കത്തിൽ പറഞ്ഞു. പൊതുജനാരോഗ്യം സംസ്ഥാനവിഷയമാണെന്നിരിക്കെ സംസ്ഥാനങ്ങൾക്ക് വാക്സിൻ രജിസ്ട്രേഷനുള്ള അനുമതി മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ഇന്ത്യയിലെ വാക്സിൻ പരിപാടിയുടെ അടിത്തറ പാകിയതും ഇന്ത്യയെ വാക്സിൻ ഹബ്ബാക്കി മാറ്റിയതും കോൺഗ്രസ് പാർട്ടിയാണെന്ന് സൂചിപ്പിച്ച രാഹുൽ ഒരു വ്യക്തിയുടെ ഫോട്ടോ പതിച്ച വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് എല്ലാവർക്കും ലഭ്യമാക്കുന്ന തരത്തിലേക്ക് കോവിഡ് വാക്സിന്റെ വിതരണം ഉറപ്പു വരുത്തണമെന്നും കത്തിൽ കൂട്ടിച്ചേർത്തു.