Headlines
Loading...
ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം ബോംബേറില്‍; സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ

ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം ബോംബേറില്‍; സൂചന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ

കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണകാരണം ബോംബേറിനെ തുടര്‍ന്നുണ്ടായ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മന്‍സൂറിനെ കണ്‍മുന്നിലിട്ടാണ് ആക്രമിച്ചതെന്ന് പിതാവ് മുസ്തഫ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഇരുപത് പേരടങ്ങിയ  സി.പി.എം സംഘമാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിനും പറഞ്ഞു. മന്‍സൂറിന്റെ സംസ്കാരം രാത്രി നടക്കും. 

ബോംബേറില്‍ കാല്‍മുട്ടിനു താഴെയുണ്ടായ മുറിവാണ് മരണ കാരണം. മരണത്തിനു കാരണമാകുന്ന മറ്റു മുറികളൊന്നും ശരീരത്തിലില്ലെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം മകനെ കണ്‍മുന്നിലിട്ടു വെട്ടിയതിന്റെ ആഘാതം മുസ്തഫയെ വിട്ടൊഴിഞ്ഞിട്ടില്ല.മുഹ്സിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്‍സൂറിന് വെട്ടേറ്റതെന്നും മുസ്തഫ  പറഞ്ഞു. അക്രമികളുടെ മുഖങ്ങള്‍ മാത്രമല്ല പേരടക്കമുള്ള മുഴുവന്‍ വിവരങ്ങള്‍ അറിയാമെന്ന്  സഹോദരന്‍ മുഹ്സിനും പ്രതികരിച്ചു. സാരമായി പരുക്കേറ്റ മുഹ്സിന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മന്‍സൂറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതഹേഹം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കി.