Headlines
Loading...
ചികിത്സ കിട്ടാതെ അഞ്ചുമണിക്കൂര്‍: മുന്‍ ഇന്ത്യന്‍ സ്ഥാനപതി മരിച്ചത് ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിൽ

ചികിത്സ കിട്ടാതെ അഞ്ചുമണിക്കൂര്‍: മുന്‍ ഇന്ത്യന്‍ സ്ഥാനപതി മരിച്ചത് ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിൽ

മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹിയുടെ മരണം ചികിത്സ ലഭിക്കാതെയെന്ന് ആരോപിച്ച് കുടുംബം. സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് അശോക് അമ്രോഹി മരിച്ചത്. ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി അഞ്ചുമണിക്കൂറാണ് അദ്ദേഹത്തിന്‍റെ മകന്‍ പല ക്യൂവുകളിലായി നിന്നത്. ആ സമയമത്രയും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട് കാറില്‍ അവശനായി കിടക്കുകയായിരുന്നു അശോക് അമ്രോഹി. ഹൃദയാഘാതത്തെ തുടര്‍ന്ന് അവസാനം കാറില്‍വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഏപ്രില്‍ 27 നായിരുന്നു മരണം സംഭവിച്ചത്.

ബ്രൂണയ്, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അശോക് അമ്രോഹിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തു. അദ്ദേഹം നല്ലൊരു സുഹൃത്തായിരുന്നുവെന്നും ആത്മാര്‍ത്ഥതയുള്ള സഹപ്രവര്‍ത്തകനായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. ബ്രൂണയ്, മൊസാംബിക്, അള്‍ജീരിയ എന്നിവിടങ്ങളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തെ ഞാനെന്‍റെ ദുഃഖം അറിയിക്കുന്നു- ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
 
അമ്രോഹി പ്രവര്‍ത്തിച്ച വിവിധ രാജ്യങ്ങളില്‍ നിന്ന് അനുശോചന സന്ദേശങ്ങളുടെ പ്രവാഹമാണ്. അദ്ദേഹത്തെ അത്രയേറെ ആളുകള്‍ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നതിന് തെളിവാകുകയാണ് അത്. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്തയറിഞ്ഞുള്ള ഞെട്ടലിലാണ്.

കഴിഞ്ഞ ആഴ്ചയാണ് അമ്രോഹി അസുഖബാധിതനായതെന്ന് പറയുന്നു അദ്ദേഹത്തിന്‍റെ ഭാര്യ യാമിനി. ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത്. കോവിഡിന്‍റെ രണ്ടാംഘട്ടത്തില്‍ വേണ്ടത്ര കട്ടിലുകളും ഓക്സിജന്‍ ലഭ്യതയുമില്ലാതെ,രോഗികളെ ഉള്‍ക്കൊള്ളാനാകാതെ ശ്വാസം മുട്ടി നില്‍ക്കുകയാണ് ഡല്‍ഹിയിലെ ആശുപത്രികള്‍.

രാത്രി എട്ടുമണിയോടെ കിടക്ക ഒഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടാണ് അമ്രോഹിയുമായി ബന്ധുക്കള്‍ മേദാന്ത ആശുപത്രിയിലെത്തിയത്. ബെഡ് നമ്പര്‍ ഏതാണെന്നുവരെ ഞങ്ങള്‍ക്കറിയാമായിരുന്നു. രാത്രി 7.30 ഓടുകൂടിയാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. ആദ്യം അവര്‍ പറഞ്ഞത് കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ്. അത് നടത്തി. അതിന് തന്നെ ഒന്നരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവന്നു. ആ സമയം മുഴുവന്‍ അദ്ദേം കാറിലെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു- ബന്ധുക്കള്‍ പറയുന്നു.

പിന്നെ ആശുപത്രിയിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ക്യൂ.. ഒന്ന് ആരോടെങ്കിലും കാറിലിരിക്കുന്ന അദ്ദേഹത്തെ വന്ന് നോക്കാന്‍ പറഞ്ഞെങ്കിലും ആരും കേട്ടില്ല. മൂന്നുതവണയാണ് ഞാന്‍ പോയി യാചിച്ചത്. കരഞ്ഞുപറഞ്ഞു, ദേഷ്യപ്പെട്ടു.. പക്ഷേ ആരും സഹായിച്ചില്ലെന്ന് പറയുന്നു അദ്ദേഹത്തിന്‍റെ മകന്‍.