Headlines
Loading...
നിലപാടുമാറ്റി എഐഎഡിഎംകെ; സിഎഎ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം

നിലപാടുമാറ്റി എഐഎഡിഎംകെ; സിഎഎ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം

ചെന്നൈ: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടിൽ മലക്കം മറിഞ്ഞ് അണ്ണാ ഡിഎംകെ. വീണ്ടും അധികാരത്തിലെത്തിയാൽ സി.എ.എ. പിൻവലിക്കാനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അണ്ണാ ഡിഎംകെ പ്രകടന പത്രികയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച ചോദ്യത്തിന് 'സഖ്യം വേറെ നിലപാട് വേറെ' എന്ന മറുപടിയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നൽകിയത്.

സി.എ.എയ്ക്ക് അനുകൂലമായി കവലകൾ തോറും പൊതുയോഗങ്ങൾ നടത്തിയ പാർട്ടിയാണ് അണ്ണാഡിഎംകെ. ലോക്സഭയിലും രാജ്യസഭയിലും നിയമത്തെ അനുകൂലിച്ച് വോട്ടും ചെയ്തു. എന്നാൽ ബി.ജെ.പിയുമായുള്ള സഖ്യവും സി.എ.എ. അനുകൂല നിലപാടും തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അണ്ണാ ഡിഎംകെ പുതിയ വാഗ്ദാനവുമായി രംഗത്ത് വന്നത്.

ഇതോടെ പ്രതിസന്ധിയിലായത് ബി.ജെ.പി.യാണ്. 234 സീറ്റുള്ള തമിഴ്നാട് നിയമസഭയിലേയ്ക്ക് അണ്ണാഡിഎംകെയുമായി സഖ്യം ചേർന്ന ബി.ജെ.പി. 20 സീറ്റിലാണ് മത്സരിക്കിക്കുന്നത്. മറ്റ് മണ്ഡലങ്ങളിൽ സി.എ.എ. വിരുദ്ധ നിലപാടിനുകൂടി വോട്ട് ചെയ്യേണ്ട അവസ്ഥയിലേക്ക് പാർട്ടി അനുഭാവികളെത്തും.

നേരത്തേ സി.എ.എ. വിരുദ്ധ സമരക്കാർക്കെതിരെയുള്ള കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ബി.ജെ.പി. ദേശീയ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ മൗനവും അന്ന് ചർച്ചയായി. സി.എ.എ. വിരുദ്ധ നിലപാട് ശക്തമായി തുടരുമെന്ന ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.