Headlines
Loading...
അക്കൗണ്ട് തുറക്കും മുൻപ് റോയ് പുറത്ത്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി

അക്കൗണ്ട് തുറക്കും മുൻപ് റോയ് പുറത്ത്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോലിയുടെയും ഓപ്പണർ രോഹിത് ശർമയുടെയും തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യ ഈ കൂറ്റൻ സ്കോർ കണ്ടെത്തിയത്. കോലി 80 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ രോഹിത് 64 റൺസെടുത്തു.


39 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയും 32 റൺസെടുത്ത സൂര്യകുമാർ യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് പടുത്തുയർത്തിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി 20 സ്കോറുമാണിത്.

പതിവിന് വിപരീതമായി രോഹിത്തിനൊപ്പം നായകൻ വിരാട് കോലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. കോലിയും രോഹിതും ചേർന്ന് 5.2 ഓവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. ബാറ്റിങ് പവർപ്ലേയിൽ 60 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

സ്കോർ 73 -ൽ നിൽക്കെ രോഹിതിന്റെ ക്യാച്ച് മാർക്ക് വുഡ് പാഴാക്കി. സാം കറൻ എറിഞ്ഞ അതേ ഓവറിൽ സിക്സടിച്ച് രോഹിത് അർധസെഞ്ചുറി നേടി. 30 പന്തുകളിൽ നിന്നും മൂന്നു ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെയാണ് താരം അർധസെഞ്ചുറി കുറിച്ചത. താരത്തിന്റെ 22-ാം ട്വന്റി 20 അർധസെഞ്ചുറിയാണിത്. 50 പിന്നിട്ട ശേഷം ആക്രമിച്ച് കളിച്ച രോഹിത് ഒൻപതാം ഓവറിലെ അവസാന പന്തിൽ പുറത്തായി.


34 പന്തുകളിൽ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ 64 റൺസെടുത്ത രോഹിത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒൻപതാം ഓവറിലെ അവസാന പന്തിൽ ബെൻ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. രോഹിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ തട്ടി. രോഹിത്തിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി.

രോഹിത് നിർത്തിയിടത്തുനിന്നും സൂര്യകുമാർ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ വീണ്ടും കുതിച്ചു. ആദ്യ 10 ഓവറിൽ 110 റൺസാണ് ഇന്ത്യ നേടിയത്. അനായാസേന തകർപ്പൻ ഷോട്ടുകൾ നിരത്തി സൂര്യകുമാർ യാദവും കോലിയും കളം നിറഞ്ഞു. ക്രിസ് ജോർഡൻ എറിഞ്ഞ 12-ാം ഓവറിലെ അവസാന മൂന്നു പന്തുകളും ബൗണ്ടറി പായിച്ച് സൂര്യകുമാർ തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ ആദിൽ റഷീദ് എറിഞ്ഞ 14-ാം ഓവറിലെ രണ്ടാം പന്തിൽ സൂര്യകുമാർ പുറത്തായി. തകർപ്പൻ ക്യാച്ചിലൂടെ ക്രിസ് ജോർഡനും ജേസൺ റോയിയും ചേർന്നാണ് താരത്തെ പുറത്താക്കിയത്. റഷീദിന്റെ പന്ത് സിക്സ് കടത്താൻ ശ്രമിച്ച സൂര്യകുമാറിന്റെ ഷോട്ട് ബൗണ്ടറിയിൽ നിന്നും ഒറ്റക്കൈ കൊണ്ട് ജോർഡൻ പിടിച്ചു. പക്ഷേ ഓടിയെത്തിയ താരത്തിന് പെട്ടന്ന് നിൽക്കാനായില്ല. നേരേ ബൗണ്ടറിയിലേക്ക് ഓടിക്കയറുകയായിരുന്ന ജോർഡൻ പന്ത് റോയിക്ക് കൈമാറി. താരം അത് അനായാസേന കൈയ്യിലൊതുക്കി.


17 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 32 റൺസെടുത്തു. താരം പുറത്താവുമ്പോൾ 143 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.

സൂര്യകുമാറിന് പകരം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. വൈകാതെ 14.5 ഓവറിൽ ഇന്ത്യ 150 കടന്നു. പിന്നാലെ കോലി അർധസെഞ്ചുറി നേടി. 36 പന്തുകളിൽ നിന്നും രണ്ട് സിക്സുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെയാണ് താരം അർധസെഞ്ചുറി നേടിയത്. താരത്തിന്റെ ട്വന്റി 20 കരിയറിലെ 28-ാം അർധസെഞ്ചുറിയാണിത്.

അവസാന ഓവറുകളിൽ കോലിയും ഹാർദിക്കും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറിൽ 200 കടന്നു. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോഡ് കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 52 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 80 റൺസെടുത്ത കോലിയും 17 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 39 റൺസെടുത്ത പാണ്ഡ്യയും പുറത്താവാതെ നിന്നു.


ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇന്ത്യ ഒരു മാറ്റം വരുത്തി. കെ.എൽ.രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി.നടരാജൻ ടീമിൽ ഇടം നേടി.