Headlines
Loading...
വാഹന വായ്‌പയായി അടയ്‌ക്കാനുള്ളത് 10 ലക്ഷത്തോളം രൂപ; ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

വാഹന വായ്‌പയായി അടയ്‌ക്കാനുള്ളത് 10 ലക്ഷത്തോളം രൂപ; ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

ലപ്പുറം: ചാരിറ്റി പ്രവർത്തകനും തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫിറോസ് കുന്നംപറമ്പിൽ വാഹനവായ്പയായി അടയ്ക്കാനുള്ളത് പത്തു ലക്ഷത്തോളം രൂപ. സ്ഥാവര ജംഗമ ആസ്‌തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. കൈവശമുള്ളത് 5,500 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8,447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3,255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1,000 രൂപയും നിക്ഷേപമുണ്ട്. കമ്പോളത്തില്‍ 2,95,000 രൂപ വില വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2,053  ചതുരശ്ര അടിയുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇതുകൂടാതെ 80,000 രൂപയുടെ മറ്റ് വസ്‌തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

വാഹന വായ്‌പയായി 9,22,671 രൂപ അടയ്‌ക്കാനുള്ള ഫിറോസിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷം വിലവരും. ഫിറോസിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുകളുണ്ട്. ആലത്തൂർ, ചേരാനെല്ലൂർ സ്റ്റേഷനുകളിലായാണ് കേസുകൾ. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ഭാര്യയുടെ കൈയിലുള്ളത് ആയിരം രൂപ. ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്.

മന്ത്രി കെ.ടി.ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തിലാണ് ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ മത്സരിക്കുന്നത്. ഫിറോസിനെ തവനൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ സ്ഥാനാർഥിയാക്കൂവെന്നും താൻ മത്സരിക്കാനില്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഫിറോസിന് തന്നെയാണ് നറുക്കുവീണത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,064 വോട്ട് ഭൂരിപക്ഷത്തിലാണ് ജലീൽ തവനൂരിൽ ജയിച്ചത്. ജലീൽ 68,179 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ഇഫ്തിഖാറുദ്ദീനു കിട്ടിയത് 51,115 വോട്ട് മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് 2016 ൽ മത്സരിച്ചത്.