കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി:രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു. കോവിഡ് വർധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് ഓൺലൈൻ യോഗം നടക്കുക.ഈ വർഷം ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവുണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോൾ രോഗം വർധിച്ചുവരുന്ന സാഹര്യമണുള്ളത്. ജനുവരിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000-ൽ താഴെ വന്നിരുന്നു. എന്നാൽ പിന്നീട് രോഗബാധ വർധിക്കുകയായിരുന്നു. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത് 26,291 പുതിയ രോഗബാധയാണ്. കഴിഞ്ഞ 85 ദിവസത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.
രാജ്യത്ത് കോവിഡ് 19 വ്യാപനം വീണ്ടും വർധിക്കുന്നതിന് കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ ഇന്ന് പറഞ്ഞിരുന്നു. ഏതാനും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ ഉയർന്നു നിൽക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളിൽ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളിൽ ഉയർന്നു നിൽക്കാൻ കാരണം ജനങ്ങൾ സാമൂഹ്യ അകലം പാലിക്കൽ അടക്കമുള്ള വൈറസ് പ്രതിരോധ മാർഗങ്ങൾ വേണ്ടവിധം സ്വീകരിക്കാത്തതാണ്, അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 26,291 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കണക്കുകൾ പറയുന്നു.