Headlines
Loading...
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം; രണ്ട് വിഭാഗങ്ങളായി നീലയും പച്ചയും ചായം

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം; രണ്ട് വിഭാഗങ്ങളായി നീലയും പച്ചയും ചായം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഏകൃകൃത നിറം നല്‍കുന്നത്. ആദ്യ വിഭാഗത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണ് ചായം പൂശേണ്ടത്. അകത്ത് പച്ച നിറമായിരിക്കണം. വിവിധ പദ്ധതികളില്‍ നവീകരിക്കുന്ന ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ മാറ്റം വരുത്തുന്നത്.

ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, വനിതാ ശിശു ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവയാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവയുടെ പുറംഭാഗം നീലയും വെള്ളയും കലര്‍ന്നതായിരിക്കണം. ഉള്ളില്‍ നീല നിറവും. ആര്‍ദ്രം പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഈ വര്‍ണനിബന്ധന ബാധകമായിരുന്നു. എന്നാല്‍ സര്‍ക്കാരിനു കീഴിലെ എല്ലാ ആശുപത്രികളിലേക്കും ഇത് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍.

നിലവിലുള്ള ആശുപത്രികള്‍ അറ്റകുറ്റപണി നടത്തുമ്പോഴോ നവീകരണം നടത്തുമ്പോഴോ പുതിയ നിറത്തിലേക്ക് മാറിയാല്‍ മതി. മാര്‍ച്ച് ഒന്നു മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആശുപത്രിക്കെട്ടിടങ്ങളെല്ലാം പുതിയ നിര്‍ദ്ദേശപ്രകാരമുള്ള ചായത്തിലായിരിക്കണം.

ആശുപത്രികളുടെ അകത്തും പുറത്തുമുള്ള സൂചനാഫലകങ്ങള്‍ക്കും ഏകീകൃതരൂപം നിശ്ചയിച്ചിട്ടുണ്ട്. വഴികാട്ടികള്‍, സേവനങ്ങള്‍, ഡോക്ടര്‍മാരുടെ അവധിവിവരങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സൂചനാ ബോര്‍ഡുകള്‍ക്കും അവയിലുപയോഗിക്കേണ്ട അക്ഷരങ്ങള്‍ക്കും പുതിയ നിറവും വലുപ്പവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.