assembly election 2021
kerala
malappuram
പ്രതിഷേധം അവഗണിച്ച് സിപിഎം; പൊന്നാനിയില് പി. നന്ദകുമാര് തന്നെ മത്സരിക്കും
മലപ്പുറം[ Live Today Malayalam ]: പൊന്നാനിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് സിപിഎം. പൊന്നാനി മണ്ഡലത്തിൽ പി. നന്ദകുമാർ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് കെടി ജലീലിനെ തവനൂരിൽനിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന വാർത്ത പാർട്ടി നേതൃത്വം തള്ളി.
പൊന്നാനിയിൽ നേരത്തെ പാലോളി മത്സരിക്കുന്ന ഘട്ടത്തിൽ തന്നെ പരിഗണനയിൽ വന്ന പേരാണ് നന്ദകുമാറിന്റേത്. ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നും പാർട്ടി നേതൃത്വം വിലയിരുത്തി. ജില്ലാ, സംസ്ഥാന നേതൃത്വം വളരെയേറെ ആലോചിച്ചാണ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതെന്നും സിപിഎം വ്യക്തമാക്കി.
ടിഎം സിദ്ദിഖിന്റെ കാര്യത്തിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. പാലോളി മത്സരിച്ച സമയത്ത് തന്നെ സ്ഥാനാർഥിത്വം വേണമെന്ന ആവശ്യവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പിന്നീട് ശ്രീരാമകൃഷ്ണൻ മത്സരിച്ചപ്പോഴും സമാനമായ സമ്മർദ്ദതന്ത്രം സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ടുതന്നെ സിദ്ദിഖിനെ സ്ഥാനാർഥിയാക്കുന്ന കാര്യം ആലോചിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.