കോഴിക്കോട്[ Live Today Malayalam ]: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.
മടൻകണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നൽകുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പ്രധാന പങ്കാണ് വഹിച്ചത്.
കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയംകവർന്നു. 1983 ഏപ്രിൽ 23-ന് ചേലിയയിൽ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.
ആദ്യം നൃത്ത പഠനത്തിൽ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.
ഗുരുവിനെ മുഖ്യകഥാപാത്രമായി നിർമിച്ച സിനിമയാണ് മുഖംമൂടികൾ. ജീവിതം മുഴുവൻ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്