Headlines
Loading...
തൊഴിലുറപ്പ്: കേരളത്തിലും ലക്ഷദ്വീപിലും മാത്രം കൂലി കൂട്ടിയില്ല

തൊഴിലുറപ്പ്: കേരളത്തിലും ലക്ഷദ്വീപിലും മാത്രം കൂലി കൂട്ടിയില്ല

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ രാജ്യമാകെ കൂലി കൂട്ടിയപ്പോൾ കേരളത്തിലും ലക്ഷദ്വീപിലും മാത്രം കൂട്ടിയില്ല. കേരളത്തിൽ നിലവിലുള്ള 291 രൂപ ഏപ്രിൽമുതലുള്ള പുതിയ സാമ്പത്തികവർഷത്തിലും തുടരും. കേന്ദ്രമാണ് കൂലി നിശ്ചയിക്കുന്നത്. കേരളത്തിലും കൂലി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഇത്തവണ കൂട്ടിയില്ലെങ്കിലും തൊഴിലുറപ്പു കൂലിയിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. സിക്കിമിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്ന മേഖലയും (318 രൂപ) ഹരിയാണയും (315 രൂപ) ഗോവയും (295 രൂപ) ആണ് കേരളത്തിന് മുന്നിൽ. രാജസ്ഥാനിൽ ഇത്തവണ കൂടിയത് വെറും ഒരു രൂപയാണ്. 221 രൂപയാണ് അവിടത്തെ പുതുക്കിയ കൂലി. 2019-20ലും കേരളത്തിൽ കൂലി കൂട്ടിയിരുന്നില്ല.

തമിഴ്‌നാട്ടിൽ 17 രൂപ കൂട്ടി

തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം കൂലി ഗണ്യമായി കൂട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 17 രൂപ കൂട്ടി. രണ്ടിടത്തും പുതിയ കൂലി 273 രൂപ. അസമിൽ 11 രൂപ കൂടി 224 രൂപയായി. പശ്ചിമബംഗാളിൽ ഒമ്പതുരൂപ കൂടി 213 രൂപയായി. സംസ്ഥാനങ്ങളിൽ മേഘാലയയിലാണ് ഏറ്റവും കൂടുതൽ വർധന-23 രൂപ. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ദാദ്രാ നഗർ ഹവേലിയിലും-43 രൂപ.

വിശദാംശങ്ങൾ തേടി കേരളം

കർഷകത്തൊഴിലാളികൾക്ക് ബാധകമായ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള സൂത്രവാക്യമനുസരിച്ച് കൂലി നിശ്ചയിക്കുക എന്നതാണ് പൊതുമാനദണ്ഡം. ഈ സൂചിക സംസ്ഥാനങ്ങൾതോറും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ചാണെങ്കിൽ കേരളത്തിലും കൂലി കൂടണം എന്ന നിഗമനമാണ് സർക്കാരിന്. കൂലി നിശ്ചയിക്കുന്ന രീതിയുടെ വിശദാംശങ്ങൾ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കൂട്ടിയതിനെപ്പറ്റി മിണ്ടരുത്

പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് കൂലി കൂട്ടിയത്. വ്യവസ്ഥകളോടെയാണ് കമ്മിഷൻ അനുമതി നൽകിയത്. കൂലിവർധന ഒരുതരത്തിലും പരസ്യപ്പെടുത്തരുത്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണ്. പ്രചാരണത്തിനിടെ കൂലി വർധനയെപ്പറ്റി പരാമർശിക്കരുത് എന്നിവയാണ് വ്യവസ്ഥകൾ.

വർധനയും കൂലിയും ഇങ്ങനെ

മേഘാലയ-23 രൂപ (226)

തമിഴ്‌നാട്-17 രൂപ (273)

പുതുച്ചേരി -17 രൂപ (273)

കർണാടക-14 രൂപ (289)

അസം-11 രൂപ (224)

ആന്ധ്രാപ്രദേശ്-8 രൂപ (245)

ഹരിയാണ-6 രൂപ(315)

ഗുജറാത്ത്-5 രൂപ (229)

ഉത്തർപ്രദേശ്-3 രൂപ(204)

മധ്യപ്രദേശ്-3 രൂപ (193)

രാജസ്ഥാൻ -1 രൂപ (221)

കേരളം - 0 (291