ഫിറ്റല്ലെങ്കില്‍ ഡി രജിസ്‌ട്രേഷന്‍: വാഹന പൊളിക്കല്‍ നയത്തിന്റെ കരട് ഉടന്‍
പഴയ വാഹനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ കരട് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. 15ഉം 20ഉം വർഷം പഴക്കമുള്ള വാഹനങ്ങളാണ് പൊളിക്കുക. പഴയ വാഹനങ്ങൾ 10-12 വരെ ശതമാനം കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പൊളിക്കലിന് സർക്കാർ പ്രോത്സാഹനം നൽകുന്നത്. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷവും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷവും ലൈറ്റ് മോട്ടോർ വാഹനങ്ങൾ രാജ്യത്തുണ്ട്.
15 കൊല്ലത്തിൽ കൂടുതൽ പഴക്കമുള്ള ഇടത്തരം ഹെവി വാഹനങ്ങൾ 17 ലക്ഷത്തോളം വരും. നയം നടപ്പാക്കുന്നതോടെ വാഹനമേഖലയിൽ പതിനായിരം കോടിയുടെ അധിക നിക്ഷേപവും 35,000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാവും. നയത്തിന്റെ വിശദമായ കരട് ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രസിദ്ധീകരിക്കും അതിൻമേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരുമാസത്തെ സമയം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
- ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ എടുത്തുകളയും(ഡി-രജിസ്ട്രേഷൻ). 15 വർഷം കഴിഞ്ഞാൽ ഫിറ്റ്നസ് ടെസ്റ്റിനും സർട്ടിഫിക്കറ്റിനും ഉയർന്ന ഫീസ് നൽകണം.
- സ്വകാര്യ വാഹനങ്ങൾ 20 കൊല്ലം കഴിഞ്ഞാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കിലോ ഡി-രജിസ്റ്റർ ചെയ്യും.
- കേന്ദ്ര,സംസ്ഥാന സർക്കാരുകൾ, മുൻസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ, സംസ്ഥാന ഗതാഗത വകുപ്പ്, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ഉടമസ്ഥതിയിലുള്ള എല്ലാ വാഹനങ്ങളും 15 വർഷമായാൽ ഡി-രജിസ്റ്റർ ചെയ്യണം.
- വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ യന്ത്രവത്കൃത ഫിറ്റ്നസ് കേന്ദ്രങ്ങൾ നിശ്ചയിക്കുന്ന ഫിറ്റ്നസും സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ രജിസ്ട്രേഷൻ പുതുക്കാതിരിക്കലും ആയിരിക്കും പൊളിക്കലിന് അടിസ്ഥാനമാക്കുക. ഫിറ്റ്നസ് ടെസ്റ്റ് പാസാകാത്ത വാഹനങ്ങളുടെയും രജിസ്ട്രേഷൻ പുതുക്കി നൽകാത്ത വാഹനങ്ങളുടെയും ആയുസ്സ് അവസാനിച്ചതായി (എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ) പ്രഖ്യാപിക്കും.
- എമിഷൻ ടെസ്റ്റ്, ബ്രേക്കിങ്, സുരക്ഷാ സംവിധാനങ്ങൾ മുതലായ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഫിറ്റ്നസ് നിശ്ചയിക്കുക.
- ഫിറ്റ്നസ് ടെസ്റ്റ് കേന്ദ്രങ്ങൾക്കും സ്ക്രാപിങ് കേന്ദ്രങ്ങൾക്കുമുള്ള ചട്ടം ഇക്കൊല്ലം ഒക്ടോബർ ഒന്നിന് പുറപ്പെടുവിക്കും.
- 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ 2022 ഏപ്രിൽ ഒന്നു മുതൽ പൊളിക്കണം.
- ഹെവി വാണിജ്യ വാഹനങ്ങൾക്ക് 2023 ഏപ്രിൽ ഒന്നുമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.
- മറ്റു വിഭാഗങ്ങളിൽപെടുന്ന വാഹനങ്ങൾക്ക് 2024 ജൂൺ ഒന്നുമുതൽ ഫിറ്റ്നസ് ടെസ്റ്റിങ് നിർബന്ധം.
- പഴയത് പൊളിച്ചാൽ പുതിയ വാഹനത്തിന്റെ വിലയിൽ അഞ്ചുശതമാനം ഇളവ്.
- അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് വാഹനങ്ങൾ പൊളിച്ചാൽ പഴയ വാഹന ഉടമകൾക്ക് സഹായം. സ്ക്രാപിങ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവും ഇത്.
- പുതിയ വാഹനത്തിന്റെ നാലു മുതൽ ആറു ശതമാനം വരെ ആയിരിക്കും സ്ക്രാപ് വാല്യൂ.
- സ്വകാര്യ വാഹനങ്ങൾക്ക് റോഡ് ടാക്സിൽ 25 ശതമാനവും വാണിജ്യവാഹനങ്ങൾക്ക് 15 ശതമാനവും ഇളവ് സംസ്ഥാനസർക്കാരുകൾ നൽകണം.
- സ്ക്രാപിങ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പുതിയ വാഹനങ്ങൾക്ക് വിലയിൽ അഞ്ചു ശതമാനം ഇളവ് നൽകണം.
- സ്ക്രാപിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഈടാക്കരുത്.