Headlines
Loading...
‘പിണറായി പാര്‍ട്ടിക്കൊരു നല്ല മുഖ്യമന്ത്രിയായിരിക്കും, സംസ്ഥാനത്തിനല്ല’: ഇ ശ്രീധരന്‍

‘പിണറായി പാര്‍ട്ടിക്കൊരു നല്ല മുഖ്യമന്ത്രിയായിരിക്കും, സംസ്ഥാനത്തിനല്ല’: ഇ ശ്രീധരന്‍

പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാകുന്നത് പാര്‍ട്ടിക്ക് മാത്രമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പിണറായി നാടിനൊരു നല്ല മുഖ്യമന്ത്രിയല്ലെന്നും സംസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനല്ല, പാര്‍ട്ടിയെ പന്തലിപ്പിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വികസനം വ്യവസായം വിദ്യാഭ്യാസം വിശുദ്ധ ഭരണം എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ശ്രീധരന്‍ വ്യക്തമാക്കി. വികസനമുന്നേറ്റമെന്ന് പറയാന്‍ കൊച്ചി മെട്രോയും പാലാരിവട്ടം പാലത്തിന്റെ പൂര്‍ത്തികരണവും മാത്രമെ ഇടതു സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നിട്ടുള്ളു. കേരളത്തില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇടത് സര്‍ക്കാര്‍ മുടക്കുകയാണുണ്ടായത്. താന്‍ തുടങ്ങിവെച്ച നിലമ്പൂര്‍ – നഞ്ചന്‍ങ്കോട് റെയില്‍വെ ലൈന്‍ വന്നിരുന്നെങ്കില്‍ കേരളത്തിന് ഇന്ന് എത്ര ഉപകാരപ്പെടുമായിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും എന്നാല്‍ അതും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങുകയാണ് ഇ ശ്രീധരന്‍. ഇന്നലെയാണ് ബിജെപി മത്സരിക്കുന്ന 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്.
കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ധര്‍മടത്ത് സി കെ പത്മനാഭന്‍, തൃശൂരില്‍ സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, തിരുവനന്തപുരത്ത് സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുടയില്‍ ജേക്കബ് തോമസ് എന്നിവരാണ് മറ്റ് ചില സ്ഥാനാര്‍
കോണ്‍ഗ്രസില്‍നിന്നും കഴിഞ്ഞ ദിവസം പടിയിറങ്ങി ബിജെപി പാളയത്തിലെത്തിയ പന്തളം പ്രതാപനെയും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിലാണ് പ്രതാപനെ ഇറക്കുന്നത്. തിരൂരില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലന്‍ ഡോ അബ്ദുള്‍ സലാമിനെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.

മുന്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന കെ സഞ്ജുവാണ് മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്ഐയുടെ ചാരംമൂട് പ്രാദേശിക ഘടകം നേതാവായിരുന്ന സഞ്ജു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്. മാര്‍ച്ച് ആദ്യവാരം സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മിനര്‍വ മോഹനും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. കോട്ടയം മണ്ഡലത്തിലാണ് മിനര്‍വ ബിജെപിക്കുവേണ്ടി ജനവിധി തേടുക. സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ഇവര്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കോട്ടയത്തുവെച്ചായിരുന്നു മിനര്‍വ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മിനര്‍വ്വ മോഹന്‍ മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാനന്തവാടിയില്‍ സികെ ജാനുവിനെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സി മണികണ്ഠനാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചറിയുന്നത് ടി വിയിലൂടെയാണെന്നും താനൊരു ബിജെപി അനുഭാവിയല്ലെന്നും വ്യക്തമാക്കിയ മണികണ്ഠന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് രംഗത്തെത്തി.[ Live Today Malayalam ]