Headlines
Loading...
മൂവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

മൂവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

കൊച്ചി: മൂവാറ്റുപുഴയിൽ ആശുപത്രി ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി ശാന്തൻപാറ വെള്ളക്കാം കുടി ബിനു മാത്യു (കരാട്ടെ ബിനു 42) ആണ് റൂറൽ ജില്ലാ സി ബ്രാഞ്ചിന്റെ പിടിയിലായത്.

2019 ലാണ് കേസിനാസ്പദമായ സംഭവം. മാധ്യമ പ്രവർത്തകനെന്ന് പരിചയപ്പെടുത്തി ഇയാൾ ആശുപത്രിയെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കാനെന്ന രീതിയിൽ ഡോക്ടറെ സമീപിക്കുകയായിരുന്നു. ചിത്രീകരണത്തിനു ശേഷം ദൃശ്യങ്ങൾ അപകീർത്തികരമായി ഉപയോഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ചിത്രീകരണത്തിന്റെ പേരിൽ ഡോക്ടറിൽ നിന്നും പതിനായിരം രൂപയും കൈക്കലാക്കി. ദൃശ്യങ്ങൾ മോശമായ രീതിയിൽ ചാനലുകളിലും, പത്രങ്ങളിലും, ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ ഡോക്ടർ തെളിവ് സഹിതം പോലീസിനെ സമീപിച്ചു.

തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സി ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പല സ്ഥലങ്ങളിലും മാറി മാറി താമസിച്ച ബിനു മാത്യുവിനെ എസ്.പി കെ. കാർത്തികിന്റെ നേതൃത്വത്തിൽ കർണ്ണാടകയിലെ കൂർഗിൽ നിന്നുമാണ് പിടികൂടിയത്. ഡി.വൈ.എസ്.പി വി. രാജീവ്, സബ് ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എ.എസ്.ഐ മാരായ കെ.എൽ. ഷാന്റി, എ.എ രവിക്കുട്ടൻ, സി.പി.ഒ നിയാസ് ബീരാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.