Headlines
Loading...
വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പേസർ വിനയ് കുമാർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കരിയറിൽ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. നേരത്തെ, ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താനും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

ഇന്ത്യക്കായി 31 ഏകദിനങ്ങളിലും 9 ടി-20കളിലും ഒരു ടെസ്റ്റ് മാച്ചിലും കളിച്ച താരമാണ് 37കാരനായ വിനയ് കുമാർ. ഏകദിനങ്ങളിൽ 38 വിക്കറ്റുകളും ടി-20കളിൽ 10 വിക്കറ്റുകളും ടെസ്റ്റ് മത്സരത്തിൽ ഒരു വിക്കറ്റുമാണ് അദ്ദേഹത്തിനുള്ളത്. ഐപിഎലിൽ 105 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം അത്ര തന്നെ വിക്കറ്റുകളും വീഴ്ത്തി.

അതേസമയം, നേരത്തെ നീണ്ട ഒരു കുറിപ്പിലൂടെയാണ് യൂസുഫ് പത്താൻ വിരമിക്കൽ തീരുമാനം അറിയിച്ചത്. ആരാധകരോടും ടീമിനോടും സുഹൃത്തുക്കളോടും കുടുംബത്തോടുമൊക്കെ പത്താൻ നന്ദി അറിയിച്ചു.

ഇന്ത്യക്കായി 57 ഏകദിനങ്ങളിലും 22 ടി-20കളിലും വേഷമിട്ട താരമാണ് യൂസുഫ് പത്താൻ. കൂറ്റനടിക്കാരനായ യൂസുഫ് ഇന്ത്യക്കായി ചില മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. 57 ഏകദിനങ്ങളിൽ നിന്ന് 810 റൺസും 33 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 2012നു ശേഷം അദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. 22 ടി-20കളിൽ നിന്ന് 236 റൺസും 13 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. 174 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 3204 റൺസും 42 വിക്കറ്റും അദ്ദേഹത്തിനുണ്ട്.