national
രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം: പ്രമേയം പാസാക്കി തെലങ്കാന കോണ്‍ഗ്രസ് ഘടകം
ഹൈദരാബാദ്: രാഹുൽ ഗാന്ധി തന്നെ വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് തെലങ്കാന കോൺഗ്രസ് ഘടകം. തെലങ്കാനയിലെ 33 ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കുകയും ചെയ്തു.
തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മണിക് ടാഗോർ, തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ഉത്തം കുമാർ റെഡ്ഡി, കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് ഭട്ടി വിക്രമാർക്ക ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
നേരത്തെ ഡൽഹി, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങളും രാഹുൽ പാർട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
2017 ൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്. ഇതിനുശേഷം സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുതിയ അധ്യക്ഷനെ കോൺഗ്രസ് തീരുമാനിക്കുകയുള്ളു.