Headlines
Loading...
‘പാലിക്കുന്ന വാക്ക്, അതാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്’; തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തേക്കുറിച്ച് മുഖ്യമന്ത്രി

‘പാലിക്കുന്ന വാക്ക്, അതാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്’; തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തേക്കുറിച്ച് മുഖ്യമന്ത്രി

വാക്ക് പാലിക്കലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ പ്രകാശനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ സാധിച്ച അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ ഒരുമിച്ച് തുടങ്ങിയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി സ്വയം അര്‍പ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ നല്‍കാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ പറയാനും, പറഞ്ഞാല്‍ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

തോളോട് തോള്‍ ചേര്‍ന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവര്‍ത്തിക്കാം. വലിയ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുണ്ട്. അതിനായി പ്രയത്‌നിക്കാം. പാലിക്കുന്ന വാക്ക് അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്.

മുഖ്യമന്ത്രി

എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയാണ് പ്രചരണവാക്യം പ്രകാശനം ചെയ്തത്. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് സിപിഐഎം പ്രതികരിച്ചു. എല്‍ഡിഎഫ് വീണ്ടും വരുന്നതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങള്‍ വീണ്ടും ഉറപ്പിക്കാന്‍ പറ്റുന്നതിനൊപ്പം കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ കേരളത്തില്‍ നടത്താനും സാധിക്കുമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

ഉറപ്പാണ് എല്‍ഡിഎഫ് എന്നതിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളുമുണ്ട്. സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രത്തിനൊപ്പമാണ് പ്രചരണ വാക്യം. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ക്യാമ്പയിന്‍ ശക്തമായി കഴിഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം.

മുഖ്യമന്ത്രിയുടെ പ്രതികരണം

“ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചു മുന്നോട്ടു പോകാന്‍ സാധിച്ച അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചു എന്നത് വലിയ ചാരിതാര്‍ത്ഥ്യമാണ് നല്‍കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്. നമ്മള്‍ ഒരുമിച്ച് തുടങ്ങിയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി സ്വയം അര്‍പ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ നല്‍കാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ പറയാനും, പറഞ്ഞാല്‍ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും. തോളോട് തോള്‍ ചേര്‍ന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവര്‍ത്തിക്കാം. വലിയ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുണ്ട്. അതിനായി പ്രയത്‌നിക്കാം. പാലിക്കുന്ന വാക്ക് അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്.”