national
കൊവിഡ് വാക്സിനേഷൻ: ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി; ‘നാലു വാക്സിനുകൾ കൂടി പരീക്ഷണത്തിൽ ‘
ന്യൂ ഡൽഹി: ജനുവരി 16ന് രാജ്യത്ത് തുടങ്ങാനിരിക്കുന്ന മെഗാ കൊവിഡ് വാക്സിനേഷനോടനുബന്ധിച്ചു സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി നരേന്ദ്ര മോദി. ‘കൊവിഡിനെതിരായുള്ള നമ്മുടെ പോരാട്ടത്തിൽ ജനങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എന്നും ഇത് സാമ്പത്തിക രംഗത്ത് ഉണർവുണ്ടാക്കി’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ്പിനുള്ള ചെലവ് സംസ്ഥാനങ്ങൾ അല്ല കേന്ദ്രമാകും വഹിക്കുക എന്ന് അദ്ദേഹം അറിയിച്ചു. മഹാമാരിക്കെതിരെ പോരാടുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണെന്നും മോദി സൂചിപ്പിച്ചു.
ഇന്ത്യയിൽ തന്നെ നിർമ്മിച്ച (‘മെയ്ഡ് ഇൻ ഇന്ത്യ’ ) രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയതായി അറിയിച്ച മോദി, അംഗീകരിച്ച രണ്ട് വാക്‌സിനുകൾ കൂടാതെ, നാല് പ്രതിരോധ മരുന്നുകൾ കൂടി അനുമതിക്കായി കാത്തിരിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
ആദ്യഘട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ 3 കോടി മുൻനിര ആരോഗ്യപ്രവർത്തകർക്കാകും പ്രതിരോധ കുത്തിവയ്പ് നൽകുക. രണ്ടാം ഘട്ടത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള 50 വയസ്സിന് മുകളിലുള്ളവർക്കും താഴെയുള്ളവർക്കും പ്രതിരോധ കുത്തിവയ്പ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജന പ്രതിനിധികൾ പിന്നീട് മാത്രമേ പരിഗണനയിൽ വരൂ എന്നും മോദി പ്രസ്താവിച്ചു.