Headlines
Loading...
വാക്‌സിൻ ഇന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് : ശനിയാഴ്ച കുത്തിവെയ്പ്പ് ആരംഭിക്കും

വാക്‌സിൻ ഇന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് : ശനിയാഴ്ച കുത്തിവെയ്പ്പ് ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലകളിലേക്കുള്ള കൊറോണ വാക്‌സിൻ വിതരണം ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ റീജിയണൽ വാക്സിൻ സ്റ്റോറുകളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന കൊവിഷീൽഡ് വാക്‌സിനാണ് മറ്റ് ജില്ലകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുക. ശനിയാഴ്ച കുത്തിവെയ്പ്പ് ആരംഭിക്കും. 13,300 ആരോഗ്യപ്രവർത്തകർ ആദ്യ ദിനത്തിൽ വാക്‌സിൻ സ്വീകരിക്കും.

തിരുവനന്തപുരത്ത് നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയിൽ നിന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലേക്കുമാണ് വാക്സിൻ എത്തിക്കും.

133 കേന്ദ്രങ്ങളിലായാണ് ശനിയാഴ്ച വാക്സിനേഷൻ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിൽ നിന്നും ദിവസേന 100 പേർക്ക് വാക്‌സിൻ നൽകും. സർക്കാർസ്വകാര്യ മേഖലകളിലെ 3,68,866 ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ രജിസ്റ്റ്ർ ചെയ്തിട്ടുളളതും വാക്‌സിൻ ലഭിക്കുന്നതും എറണാകുളം ജില്ലയ്ക്കാണ്, 73000 ഡോസുകൾ. ഏറ്റവും കുറവ് കാസർകോട് ജില്ലയ്ക്കും, 6860 ഡോസുകൾ.

കുത്തിവെയ്പ്പിനായി എപ്പോൾ ഏത് കേന്ദ്രത്തിലെത്തണമെന്ന വിവരം ആരോഗ്യപ്രവർത്തകർക്ക് മൊബൈൽ സന്ദേശം വഴി നൽകും. ആരോഗ്യപ്രവർത്തകരിൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൊറോണ ബാധിച്ച് നാല് ആഴ്ച കഴിയാത്തവർ, കൊറോണ ലക്ഷണങ്ങളുള്ളവർ എന്നിവരെ വാക്‌സിനേഷനിൽ നിന്നും ഒഴിവാക്കും. രണ്ട് ഘട്ടങ്ങളിലായാണ് വാക്‌സിൻ സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച്് 28 ാം ദിവസം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.