Headlines
Loading...
46-ാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു, ഒപ്പം കമലാ ഹാരിസും

46-ാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു, ഒപ്പം കമലാ ഹാരിസും

വാഷിങ്ടൺ: 'അപരിഷ്കൃതമായ യുദ്ധം' അവസാനിപ്പിച്ച് ഐക്യത്തിന് ആഹ്വാനംചെയ്തുകൊണ്ട് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു. അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡൻ പറഞ്ഞു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലെ വെസ്റ്റ് ഫ്രണ്ടിൽ 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച ചുമതലയേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബേർട്ട്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഭാര്യ ജിൽ ബൈഡൻ വഹിച്ച 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളിൽ തൊട്ട് ബൈഡൻ ഏറ്റുചൊല്ലി.


ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിൽ കോവിഡ് കാലത്തെ അമേരിക്കക്കാരുടെ മരണത്തെ രണ്ടാംലോകയുദ്ധകാലത്തെ സ്ഥിതിയുമായാണ് ബൈഡൻ താരതമ്യപ്പെടുത്തിയത്. താൻ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റെന്ന ചരിത്രവും ബൈഡൻ കുറിച്ചു.

സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെൽറ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ജസ്റ്റിസായ തർഗുഡ് മാർഷലും വഹിച്ച രണ്ട് ബൈബിളുകളിൽ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിജ്ഞ.

Mathrubhumi Malayalam News

മുൻപ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, മുൻ പ്രഥമവനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൺ എന്നിവരും സന്നിഹിതരായി. ബൈഡൻകുടുംബത്തിന്റെ അടുത്ത സുഹൃത്തായ ജെസ്യൂട്ട് പുരോഹിതൻ ജെറെമിയാ ഡൊണോവൻ മംഗളസ്തുതി ചൊല്ലിയാണ് ചടങ്ങ് തുടങ്ങിയത്. ലേഡി ഗാഗ ദേശീയഗാനവും കവയിത്രി അമാൻഡ ഗോർമാൻ താനെഴുതിയ കവിതയും ചൊല്ലി. നടിയും ഗായികയുമായ ജെനിഫർ ലോപസിന്റെ ഗാനാലാപനവുമുണ്ടായിരുന്നു.

ബൈഡനുവേണ്ടി പ്രസംഗം തയ്യാറാക്കിയത് ഇന്ത്യൻ-അമേരിക്കക്കാരനായ വിനയ് റെഡ്ഡിയാണ്.

രണ്ടാഴ്ചമുമ്പ് ഡൊണാൾഡ് ട്രംപ് അനുകൂലികളിൽനിന്നുണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുമെന്ന ഭീതിയിൽ അഭൂതപൂർവമായ രീതിയിൽ 25,000 സൈനികരെയാണ് സുരക്ഷയ്ക്കായി യു.എസിലൊരുക്കിയത്. അധികാരക്കൈമാറ്റത്തിന് കാക്കാതെ ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ബുധനാഴ്ച വൈറ്റ്ഹൗസിന്റെ പടികളിറങ്ങിയിരുന്നു.

10.57 pmകോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആദരം

10.44 PMഅമേരിക്കന്‍ ഭരണഘടനയെ സംരക്ഷിക്കും - ബൈഡൻ

10.43 PMഅത് അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയം

10.42 PMപുതിയ ലോകം സാധ്യമാക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങും - ബൈഡൻ

10.41 PMജനാധിപത്യം വിജയിക്കുമെന്ന് ജോ ബൈഡൻ

10.38 PMതാന്‍ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്ന് ജോ ബൈഡൻ

10.32 PMഇന്ത്യ - യു.എസ് ബന്ധം ശക്തമാക്കാന്‍ ബൈഡനൊപ്പം പ്രവര്‍ത്തിക്കുമെന്ന് മോദി

10.31 PMജോ ബൈഡന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി മോദി

10.28 PMബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

10.20 PMജനാധിപത്യത്തിന്റെ ദിവസമെന്ന് ജോ ബൈഡൻ

10.18അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തു

10.16 PMബൈഡന്റെ സത്യപ്രതിജ്ഞ ഉടൻ

10.12 PMവൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു

10.09 PMചടങ്ങിന് മുന്നോടിയായി ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു

9.55 PMസത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു

9. 52 PMജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും കാപ്പിറ്റോളിലെത്തി.

9.50 PMസ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി

9.15 PMബോംബ് ഭീഷണിയെ തുടര്‍ന്ന് ക്യാപിറ്റോള്‍ ഹില്ലിലെ സുപ്രീംകോടതി കെട്ടിടം ഒഴിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് കാത്തുനില്‍ക്കാതെ ട്രംപ് ഫ്‌ളോറിഡയിലേക്ക് മടങ്ങി

9.10 PMജോര്‍ജ് ബുഷ്, നാന്‍സി പെലോസി, മൈക്ക് പെന്‍സ് അടക്കമുള്ളവരും ക്യാപിറ്റോളിലെത്തി

9.00 PMസത്യപ്രതിജ്ഞയ്ക്കായി ജോ ബൈഡനും കമല ഹാരിസും ക്യാപിറ്റോള്‍ ഹില്ലിലെത്തി

8.46 PMസത്യപ്രതിജ്ഞയ്ക്കായി മുന്‍ പ്രസിഡന്റുമാരയ ബരാക് ഒബാമയും ബില്‍ ക്ലിന്റണും ക്യാപിറ്റോള്‍ ഹില്ലിലെത്തി8.45 PMസത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിങ്ടണില്‍ കാല്‍ലക്ഷത്തോളം സൈനികരെ വിന്യസിച്ചു

8.40 PMഅമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യും

8.37 PMഅമേരിക്കയുടെ 46-ാമത്‌ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ത്യന്‍ സമയം 10.30ന് ആരംഭിക്കും

538 ഇലക്ടറൽ വോട്ടുകളിൽ 306 ഉം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ബൈഡൻ വിജയമുറപ്പിച്ചത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായിരുന്ന ട്രംപിന് 232 വോട്ടുകളെ നേടാൻ സാധിച്ചിരുന്നുള്ളൂ. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന എഫ്.ബി.ഐ. റിപ്പോർട്ടുകളെ തുടർന്ന് കർശന സുരക്ഷയാണ് വാഷിങ്ടൺ ഡി.സിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

കാപ്പിറ്റോളിൽ നടക്കുന്ന ചടങ്ങിൽ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.

അമേരിക്കയ്ക്ക് ഇത് പുതുദിനം

അമേരിക്കയ്ക്ക് ഇത് പുതുദിനമെന്ന് ജോ ബൈഡൻ ട്വീറ്റ് ചെയ്തു, ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽനിന്ന് ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ചതിനു തൊട്ടുപിന്നാലെയാണ് ബൈഡന്റെ ട്വീറ്റ് എത്തിയത്. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടത്.