പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം മഞ്ചേരിയിലെ വീട്ടിലെത്തിയാണ് അധികൃതരുടെ പരിശോധന.
കൂടാതെ ദേശീയ സെക്രട്ടറിയായ നസറുദീന്‍ എളമരത്തിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. മലപ്പുറം വാഴക്കാട് എളമരത്തുള്ള വീട്ടിലാണ് പരിശോധന.
കൂടാതെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നു. പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡന്റ് പി എം അബ്ദുല്‍ ഗഫൂറിന്റെ ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലെ വീട്ടിലും റെയ്ഡ് നടത്തി.
കോഴിക്കോട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡുണ്ടായിരുന്നു. നസറുദീന്‍ എളമരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലാപ്‌ടോപ്പടക്കം ഇ ഡി ശേഖരിച്ചു. നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്തു അണികള്‍ തടിച്ചു കൂടിയിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന് ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള പങ്കാളിത്തമാണ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.