വാർത്തകൾ വിരൽത്തുമ്പിൽ
🔳അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കടുത്ത അനിശ്ചിതത്വം. വോട്ടെണ്ണലില്‍ ബൈഡന്‍ നാടകീയമായി മുന്നിലെത്തി. ലീഡ് നിലയിലെ മാറ്റം വിചിത്രമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വോട്ടെണ്ണല്‍ മതിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് പോകുമെന്നുമാണ് ട്രംപ് അറിയിക്കുന്നത്. ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ 264 നേടി ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 214 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.
🔳ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചതായി ഇഡി പറയുന്നു. പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറുകയും കരാറുകാരെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്‌തെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
🔳മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നോട്ടീസ് നല്‍കി. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി.
🔳ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട രേഖകളില്‍ ബിനീഷിന്റെ ഭാര്യ ഒപ്പിടുന്ന കാര്യത്തില്‍ രാത്രി വൈകിയും അനിശ്ചിതത്വം. മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ്കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍നിന്ന് ഇ.ഡി കണ്ടെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കാര്‍ഡ് ഇ.ഡി സംഘം കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ റെനീറ്റ അവകാശപ്പെടുന്നത്.
➖➖➖➖➖➖➖➖
🔳സംസ്ഥാനത്ത് അന്വേഷണ ഏജന്‍സികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം മുന്നോട്ടു പോയാല്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ്. മടിയില്‍ കനമുള്ളതുകൊണ്ടാണോ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
🔳സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക സംവരണം നടപ്പാക്കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി. ഇടത് സര്‍ക്കാരിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് വിമര്‍ശനം
🔳സംസ്ഥാനത്ത് ഇന്നലെ 71,270 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 28 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1587 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1197, തൃശ്ശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151.
🔳കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍ (80), ചേന്ദമംഗലം സ്വദേശി രവികുമാര്‍ (63), തൃശൂര്‍ പുലഴി സ്വദേശി ദിലീപ് (59), മട്ടാത്തൂര്‍ സ്വദേശി ബാബു (58), നഗരിപുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി (67), കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയര്‍ (65), മുല്ലശേരി സ്വദേശി രാജന്‍ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍ (63), മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂര്‍ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ദ്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസര്‍ഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു (70) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 10 പുതിയ ഹോട്ട് സ്പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകള്‍.
🔳വയനാട് ബപ്പന മലയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി. മാവോയിസ്റ്റുകള്‍ കാട്ടിനകത്ത് തമ്പടിച്ചിരുന്നതല്ലെന്നും ഇതുവഴി കടന്നുപോവുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.
🔳അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അതിക്രമം നേരിട്ട ഓരോ വിഭാഗത്തിന്റേയും തീവ്രത അനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി.
🔳കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്‌സിങ് ഓഫീസര്‍ ജലജാദേവി. നഴ്‌സുമാരുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദ സന്ദശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തനിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ നിയമപരമായി നേരിടുമെന്നും ജലജാദേവി .
🔳ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബാര്‍ കോഴക്കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ ബാബു, വി എസ് ശിവകുമാര്‍ എംഎല്‍എ, ജോസ് കെ മാണി എന്നിവരേയും എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വരുന്ന 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
🔳സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳സര്‍ക്കാര്‍ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് നടന്ന ഓര്‍ത്തഡോക്‌സ് യാക്കോബായ ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞു. കോടതി വിധി നടപ്പിലാക്കിയതിന് ശേഷം മാത്രം ഇനി ചര്‍ച്ചകള്‍ മതിയെന്നാണ് ഓര്‍ത്തഡോക്‌സ് സഭ നിലപാടെടുത്തത്.
🔳ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ ആലുവ പോലീസ് കേസെടുത്തു. അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.
🔳ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമം നടപ്പിലാക്കാന്‍ കര്‍ണാടകയും ആലോചിക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി സിടി രവി. അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കാനുള്ള നിയമം കൊണ്ടുവരുമെന്നും രവി പറഞ്ഞു.
🔳ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. പൊലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അര്‍ണബിന്റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്നും പരാതി.
🔳അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. മുംബൈ പൊലീസിനും റിപബ്ലിക്ക് ടിവിക്കും ഇടയില്‍ ഏറെ നാളായി തുടരുന്ന ശീതസമരത്തിന് ഒടുവിലാണ് അറസ്റ്റ്. കോടതിയില്‍ നേരത്തെ അവസാനിപ്പിച്ച കേസ് ആയുധമാക്കിയാണ് മുംബൈ പോലീസ് നാടകീയ നീക്കം നടത്തിയത്.
🔳റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ അപലപിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഐഎഫ്ഡബ്ല്യുജെ. അര്‍ണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടിവിയെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടു.
🔳അഹമ്മദാബാദില്‍ ഒരു കെമിക്കല്‍ ഫാക്ടറി ഗോഡൗണില്‍ ഉണ്ടായ സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലും ഒമ്പത് പേര്‍ മരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ സ്ഫോടനത്തേത്തുടര്‍ന്ന് കെട്ടിടം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.
🔳ദീപാവലിക്ക് വിദേശ നിര്‍മിതമായ പടക്കങ്ങള്‍ക്ക് പകരം എല്ലാവരും സ്വദേശത്ത് നിര്‍മിച്ച പടക്കങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ദേവീദേവന്മാരുടെ ചിത്രങ്ങളുളള പടക്കം വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും മതവികാരങ്ങളെ ആരും മുറിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
🔳മഹാരാഷ്ട്രയില്‍ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
🔳ദില്ലി വിമാനത്താവളത്തിന് ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി. ദില്ലിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്ന ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് സിഖ് ഫോര്‍ ജസ്റ്റിസ് ഭീഷണി.
🔳രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകി പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണിത്.
🔳രാജ്യത്ത് ഇന്നലെ 50,465 കോവിഡ് രോഗികള്‍. മരണം 704. ഇതോടെ ആകെ മരണം 1,24,354 ആയി, ഇതുവരെ 83.63 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.26 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 77.10 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳ഡല്‍ഹിയില്‍ ഇന്നലെ 6,842 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 5,505 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,987 പേര്‍ക്കും കര്‍ണാടകയില്‍ 3,377 പേര്‍ക്കും ആന്ധ്രയില്‍ 2,477 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,487 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വന്‍ വര്‍ദ്ധനവ്. 5,42,712പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 9,572 മരണവും. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുണ്ടായ രോഗികളുടെ വര്‍ദ്ധനവും, മരണവുമാണിതിന് പ്രധാന കാരണം. അമേരിക്കയില്‍ 1,01,364 പേര്‍ക്കും ഫ്രാന്‍സില്‍ 40,558 പേർക്കും ഇറ്റലിയില്‍ 30,550 പേര്‍ക്കും ഇംഗ്ലണ്ടില്‍ 25,117 പേര്‍ക്കും സ്‌പെയിനില്‍ 25,042 പേര്‍ക്കും പോളണ്ടില്‍ 24,692 പേര്‍ക്കും ജര്‍മനിയില്‍ 20,228 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 1,148 പേരും സ്‌പെയിനില്‍ 1,623 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 4.83 കോടി കോവിഡ് രോഗികളും 12.29 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳സൗദി അറേബ്യയില്‍ തൊഴില്‍ നിയമത്തില്‍ സമൂലം മാറ്റം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. നിലവിലെ കരാര്‍ അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിലാളിക്ക് ജോലി മാറാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്. പുതിയ നിയമം 2021 മാര്‍ച്ച് 14ന് നടപ്പാകും.
🔳 39-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേള 11 ദിവസം നീണ്ടുനില്‍ക്കും. 'ഷാര്‍ജയില്‍ നിന്ന് ലോകം വായിക്കുന്നു' എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയുടെ നടത്തിപ്പ് കൊവിഡ് പ്രതിരോധ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കുമെന്ന് അധികൃതര്‍.
🔳ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പോര് മുറുകുന്നു. ഇപ്പോള്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തന്റെ അഭിപ്രായം തേടിയിരുന്നില്ലെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. ശാസ്ത്രിയുടെ അഭിപ്രായം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സെവാഗ് പറയുന്നത്. രോഹിത്തിന്റെ അവസ്ഥയെ കുറിച്ച് സെലക്ഷന്‍ ക്മ്മിറ്റി കോച്ചുമായി ചര്‍ച്ച ചെയ്തുകാണും. ശാസ്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ രോഹിത്തിനെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തുത്തിട്ടുണ്ടാവൂവെന്നും സെവാഗ് പറഞ്ഞു.
🔳ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടിക പ്രകാരം ഏകദിന ബാറ്റ്സ്മാന്‍മാരില്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാമത്. ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ രണ്ടാമതാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍ ഒന്നാമതെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാമത്.
🔳വനിത ടി20 ചലഞ്ചില്‍ ആദ്യജയം മിതാലി രാജിന്റെ വെലോസിറ്റിക്ക്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെതിരെ അവസാന ഓവറില്‍ അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് വെലോസിറ്റി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വെലോസിറ്റി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
🔳കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വന്‍വര്‍ധന. സെപ്റ്റംബര്‍ പാദത്തില്‍ 4,574 കോടി രൂപയാണ് ബാങ്കിന്റെ ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79 ശതമാനത്തില്‍ നിന്ന് 1.59 ശതമാനമായി കുറയുകയും ചെയ്തു. പലിശ വരുമാനം 15 ശതമാനം വര്‍ധിച്ച് 28,181 കോടി രൂപയായി. നിക്ഷേപത്തില്‍ 14.41ശതമാനമാണ് വര്‍ധനയുണ്ടായത്.
🔳ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് ജിയോയുമായി ചേര്‍ന്നതോടെ രാജ്യത്തെ പെയ്ഡ് കസ്റ്റമേര്‍സിന്റെ എണ്ണം 46 ലക്ഷത്തിലേക്ക് ഉയര്‍ന്നു. മീഡിയ പാര്‍ട്‌ണേര്‍സ് ഏഷ്യയുടേതാണ് ഈ കണക്ക്. ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി അഞ്ച് ഡോളര്‍ ഇന്ത്യയില്‍ നെറ്റ്ഫ്‌ലിക്‌സിന് പ്രതിമാസം ലഭിക്കും. സെപ്തംബറിലാണ് നെറ്റ്ഫ്‌ലിക്‌സ് ജിയോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ പരമാവധി ഉപഭോക്താക്കളെ കണ്ടെത്തുകയാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ലക്ഷ്യം.
🔳'മായക്കൊട്ടാരം' എന്ന പുതിയ സിനിമയുമായി നടന്‍ റിയാസ് ഖാന്‍. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത്. കെ.എന്‍ ബൈജു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'നന്മമരം' എന്നറിയപ്പെടുന്ന 'സുരേഷ് കോടാലിപ്പറമ്പന്‍' എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. കന്നഡ താരം ദിഷ പൂര്‍വ്വ ആണ് ചിത്രത്തിലെ നായിക.
🔳ജയസൂര്യയുടെ നൂറാമത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. 'സണ്ണി' എന്ന് പേരിട്ട ചിത്രം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ഒരുക്കുന്നത്. പ്രേതം 2 ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സംഗീതജ്ഞനായാണ് ജയസൂര്യ വേഷമിടുക. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
🔳ആഡംബര വാഹന നിര്‍മാതാക്കളിലെ അതികായരായ ബിഎംഡബ്ല്യുവിന്റെ മിഡ്സൈസ് എസ്.എ.വിയായ എക്‌സ് 3യുടെ പെര്‍ഫോമെന്‍സ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്3 എം പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 99.90 ലക്ഷം രൂപയാണ് എക്സ്ഷോറും വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്.
🔳സ്നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. 'പുഷ്പവാടി,' 'ബാലരാമായണം' എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളില്‍നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകം. 'പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി'. എച്ച് & സി ബുക്‌സ്. 100 രൂപ.
🔳അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുണ്ടായ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 10 ശതമാനം മാത്രമേ ഇന്ത്യയിലുള്ളൂ. ഇന്ത്യയിലെ കോവിഡ് രോഗികളുടെ മരണ നിരക്കാകട്ടെ വെറും 2 ശതമാനം മാത്രമാണ്. ലോകത്തിലേക്കും വച്ചുതന്നെ ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ മരണനിരക്ക് ഇത്രയും കുറഞ്ഞിരിക്കാന്‍ കാരണം നമ്മുടെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷിയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശുചിത്വമില്ലായ്മ, വൃത്തിയുള്ള കുടിവെള്ളത്തിന്റെ അഭാവം, വൃത്തിഹീനമായ സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് കോവിഡ് ഉള്‍പ്പെടെ നിരവധി അണുബാധകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നതിന് കാരണമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതേ കാരണങ്ങള്‍ തന്നെയാണ് ഇന്ത്യക്കാരുടെ അതിജീവനശേഷിയെ ഉയര്‍ത്തി നിര്‍ത്തി മരണ നിരക്ക് കുറയ്ക്കുന്നതെന്നും പഠനം വിലയിരുത്തുന്നു. കുട്ടിക്കാലം മുതല്‍തന്നെ ഈ വൃത്തിഹീനമായ ചുറ്റുപാടുകളുമായി പരിചയിക്കുന്ന ഇന്ത്യക്കാരില്‍ പ്രതിരോധ സംവിധാനം ശക്തമാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നേരെ മറിച്ച് വൃത്തി കൂടുതലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിരോധ സംവിധാനം കൊറോണ വൈറസിന്റെ ആക്രമണം തടയാന്‍ സജ്ജമായിരിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ നേരിടുന്നതില്‍ ശരീരത്തിനുള്ളിലെ അണുക്കളുടെ പങ്കും പഠനം അടിവരയിടുന്നു. ന്യുമോണിയക്കും മൂത്രനാളിയിലെയും രക്തത്തിലെയും അണുബാധയ്ക്കും ചര്‍മ പ്രശ്നങ്ങള്‍ക്കുമൊക്കെ കാരണമാകുന്ന ചില ബാക്ടീരിയകള്‍ പുറപ്പെടുവിക്കുന്ന ആന്റിവൈറല്‍ സൈറ്റോകീനുകള്‍ കോവിഡിനെതിരെ സംരക്ഷണം തീര്‍ക്കാമെന്നും പഠനം അനുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ കുറഞ്ഞ മരണനിരക്ക് ഇവിടുത്തെ ജനസംഖ്യയില്‍ നല്ലൊരു പങ്കും യുവാക്കളായതിനാലാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ വിശദീകരിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്നെ എല്ലാവരും കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അയാളുടെ പരാതി. അയാള്‍ അടുത്തഗ്രാമത്തിലെ ഒരു ഗുരുവിനോട് തന്റെ സങ്കടം പറഞ്ഞു. ഗുരു ഒരു മോതിരം കൊടുത്തിട്ടുപറഞ്ഞു: ' ഇതി ധരിക്കൂ. ഇനി ആളുകള്‍ താങ്കളെ കുറിച്ചു നല്ലതുമാത്രമേ പറയൂ'. മോതിരമണിഞ്ഞതുമുതല്‍ തന്നെ കുറിച്ച് നല്ലതുമാത്രം അയാള്‍ കേള്‍ക്കാന്‍ തുടങ്ങി. പക്ഷേ, കുറച്ചു നാള്‍ കഴിഞ്ഞ് അയാള്‍ വീണ്ടും ആ ഗുരുവിനെ തേടിയെത്തി. ആ മോതിരം തിരിച്ചു കൊടുത്തിട്ടു പറഞ്ഞു: 'ഇതെനിക്കു വേണ്ട. ആളുകള്‍ പുകഴ്ത്തി പറയുമ്പോള്‍ എന്നെ കുറിച്ചു തന്നെയാണോ എന്ന് സംശയം തോന്നുന്നു. അഭിപ്രായവ്യത്യാസങ്ങളും എതിര്‍പ്പുകളും ഇല്ലാത്തതുകൊണ്ട് ജീവിതം ബോറടിക്കാന്‍ തുടങ്ങി. വിമര്‍ശനത്തെ അതിജീവിക്കാനുള്ളത്ര പൂര്‍ണ്ണവളര്‍ച്ച നേടുക എളുപ്പമല്ല. പഴിചാരലിന്റെ എല്ലാ പഴുതുകളും അടച്ച് നന്മ ചെയ്യാനുള്ള ശേഷിയും ആര്‍ക്കുമുണ്ടാകില്ല. എത്ര വിശുദ്ധമെന്ന് പറഞ്ഞാലും കുറവുകളുടെ അതിര്‍വരമ്പുകളിലൂടെ സഞ്ചരിക്കാത്തവരുണ്ടാകുമോ... പഞ്ചഭൂതങ്ങളൊഴിച്ച്, ആരാലും നിരസിക്കപ്പെടാത്ത ഒന്നും ഈ പ്രപഞ്ചത്തിലുണ്ടാകില്ല. എല്ലായിടത്തു നിന്നും പ്രശംസമാത്രമാണ് കേള്‍ക്കുന്നതെങ്കില്‍ അവിടെ നിന്നും ഓടിരക്ഷപ്പെടണം, എന്തെന്നാല്‍ സ്തുതിപാഠകര്‍ ഓമനിക്കുക മാത്രമേയുള്ളൂ, വളര്‍ത്തുകയില്ല. അതുപോലെ തന്നെ എല്ലാ വശങ്ങളില്‍ നിന്നും കുറ്റാരോപണങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ അവിടെ നിന്നും രക്ഷപ്പെടണം, എന്തെന്നാല്‍ വിമര്‍ശകരുടെ കാഴ്ചപ്പാടിന്റെ പരിമിതികള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമാകാന്‍ സാധ്യതയുണ്ട്. പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെ കടന്നുവരട്ടെ, എങ്കില്‍ മാത്രമേ നമുക്ക് ജീവിതത്തിന്റെ സന്തുലിത വളര്‍ച്ച നിലനിര്‍ത്താനാകൂ. - ശുഭദിനം