Headlines
Loading...
ആറരമണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി, മുറുകാത്ത കുരുക്കിനായി സമയം കളയണ്ടെന്ന് പ്രതികരണം

ആറരമണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി, മുറുകാത്ത കുരുക്കിനായി സമയം കളയണ്ടെന്ന് പ്രതികരണം

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങള്‍ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു തെളിവും കിട്ടില്ലെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ ജലീല്‍ ഫേസ്ബുക്ക് കുറിപ്പിട്ടു. ജലീലിന്‍റെ മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കുമുന്നില്‍ ഒളിച്ചും പാത്തുമാണ് മന്ത്രി കെ ടി ജലീല്‍ നേരത്തെ ചോദ്യം ചെയ്യലിന് പോയതെങ്കില്‍ പരസ്യമായിത്തന്നെയാണ് ഇത്തവണ കസ്റ്റംസിന് മുന്നില്‍ വന്നത്.

ഉച്ചയ്ക്ക് 11.45 ന് ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ എത്തിയ മന്ത്രിയുടെ മൊഴിയെടുക്കല്‍ 12 മണിക്ക് തുടങ്ങി.

മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിനാണ് വിളിച്ചുവരുത്തിയിരിക്കുന്നതെങ്കിലും സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഫോണ്‍ വിളികള്‍, കോണ്‍സുലേറ്റുമായുളള ബന്ധം, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചെല്ലാം മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിരുന്നു.

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ധങ്ങളും ഈന്തപ്പഴവും വിതരണം ചെയ്തതിന്‍റെ മറവില്‍ സ്വര്‍ണക്കളളക്കടത്ത് നടന്നോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. എന്നാല്‍ തനിക്കിതേക്കുറിച്ച്‌ അറിയില്ലെന്നും കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മതഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി വിതരണം ചെയ്തതെന്നും ജലീല്‍ നിലപാടെടുത്തു. വൈകിട്ട് ആറരയ്ക്ക് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും മുമ്ബാണ് നിലപാട് വ്യക്തമാക്കി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

തന്‍റെ കഴുത്തില്‍ കുരുക്ക് മുറുക്കുന്നവര്‍ സ്വയം കുഴയുകയോ അല്ലെങ്കില്‍ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്നും പോസ്റ്റിലുണ്ട്. ഇതു വെല്ലുവിളിയല്ലെന്നും തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യത്തില്‍ നിന്നുളള മനോധൈര്യമെന്നും കുറിപ്പിലുണ്ട്. ഇഡിയും എന്‍ഐഎയും രഹസ്യമായി വിളിച്ചതുകൊണ്ടാണ് രഹസ്യമായി പോയതെന്നും കസ്റ്റംസ് പരസ്യമായി വിളിച്ചതുകൊണ്ടാണ് പരസ്യമായി പോയതെന്നും മന്ത്രി പറയുന്നു.

മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാന്‍ വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാല്‍ കോണ്‍ഫിഡന്‍ഷ്യലായാണ് പോയത്.

ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു; ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്ബത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച്‌ ഷെയര്‍ സ്വരൂപിച്ച്‌ തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്ബാദനം നടത്തിയതിന്‍്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്‍്റെ എക്കാലത്തുമുള്ള ആത്മബലം.

എന്‍്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണ്