തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്ന് കേരള ഭാഗ്യക്കുറി വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡുകള്‍. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറിയുടെ ഒരു കോടിയിലധികമുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയി. വിന്‍ വിന്‍ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെയാണ് ഓഫീസുകളില്‍ നിന്നു വിറ്റഴിഞ്ഞത്. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ടിക്കറ്റ് വില്‍പന ഒരു കോടി ഇരുപതിനായിരം കടക്കുന്നത്.
നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്. 2020 ജനുവരി - ഫെബ്രുവരി കാലത്തായിരുന്നു ഇത്.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ രണ്ട് മാസത്തോളം ടിക്കറ്റുകള്‍ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ പുനരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് നറുക്കെടുപ്പാണ് നടത്തുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ ഭാഗ്യക്കുറികള്‍ ഓരോന്നും മൊത്തം 48 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുകൊണ്ടാണ് പുനരാരംഭിച്ചത്. ഇതില്‍ നിന്നു വകുപ്പിന് വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭാഗ്യക്കുറി മേഖലയില്‍ നില്‍ക്കുന്നവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുവാന്‍ കഴിഞ്ഞു. തുടര്‍ന്ന് ക്രമാനുഗതമായി ടിക്കറ്റ് വര്‍ധിപ്പിക്കുകയായിരുന്നു.
ആഴ്ചയില്‍ മൂന്ന് ഭാഗ്യക്കുറി നറുക്കെടുപ്പ് എന്നുള്ളത് ഡിസംബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ആക്കി വര്‍ധിപ്പിക്കും. തിങ്കള്‍- വിന്‍ വിന്‍, ചൊവ്വ - സ്ത്രീശക്തി, ബുധന്‍ - അക്ഷയ, വെള്ളി - നിര്‍മല്‍, ശനി - കാരുണ്യ എന്നീ ലോട്ടറികള്‍ നറുക്കെടുക്കും. ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമിത്ര, ജനുവരി 17 നു നറുക്കെടുക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്- പുതുവത്സര ബമ്ബര്‍ എന്നീ ടിക്കറ്റുകളും വിപണിയിലുണ്ടാകും.