Headlines
Loading...
പെരിയ ഇരട്ടക്കൊല: സിബിഐ സംഘം തിങ്കളാഴ്‌ച കല്യോട്ടേക്ക്‌

പെരിയ ഇരട്ടക്കൊല: സിബിഐ സംഘം തിങ്കളാഴ്‌ച കല്യോട്ടേക്ക്‌

 കാസര്‍കോട്‌: പെരിയ, കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി സിബിഐ സംഘം കല്യോട്ടേക്ക്‌.സിബിഐ തിരുവനന്തപുരം യൂണിറ്റ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത തിങ്കളാഴ്‌ച എത്തിയേക്കുമെന്നാണ്‌ ജില്ലാ ആസ്ഥാനത്തു ലഭിച്ച വിവരം. എന്നാല്‍ സിബിഐ സംഘത്തിന്റെ വരവ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2019 ഫെബ്രുവരി 17നു രാത്രിയിലാണ്‌ കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റു മരിച്ചത്‌.കേസ്‌ ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അതൃപ്‌തരായ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. സിംഗിള്‍ബെഞ്ച്‌ ഹര്‍ജി പരിഗണിക്കുകയും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും അന്വേഷണം സിബിഐയ്‌ക്കു കൈമാറുകയും ചെയ്‌തിരുന്നു.എന്നാല്‍ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും സിബിഐ അന്വേഷണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. ഇതോടെയാണ്‌ സിബിഐ അന്വേഷണത്തിനു കളമൊരുങ്ങിയത്‌. സിബിഐ സംഘം എത്തിയാലുടന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റും. തുടര്‍ന്ന്‌ ലോക്കല്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായം ആവശ്യപ്പെട്ട്‌ ജില്ലാ പൊലീസ്‌ മേധാവിക്കു കത്തു നല്‍കും. തുടര്‍ന്ന്‌ ക്യാമ്പ്‌ ഓഫീസ്‌ തുറന്ന ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുക.അതേസമയം ഇരട്ടക്കൊലപാതകത്തെ കുറിച്ച്‌ ക്രൈംബ്രാഞ്ചിനു നല്‍കാത്ത പലമൊഴികളും സിബിഐയ്‌ക്കു കൈമാറാനുള്ള തയ്യാറെടുപ്പിലാണ്‌ ഹര്‍ജിക്കാരും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും