
കാഞ്ഞങ്ങാട്ട് കടലിനു പച്ചനിറം; എണ്ണ കലർന്നതോ, രാസപ്രവർത്തനമോ ?
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കടൽ പച്ച നിറത്തിലേക്ക് വഴി മാറാൻ കാരണമെന്ന് കുസാറ്റ് മറൈൻ ബയോളജി വിഭാഗം മേധാവി ഡോ. ബിജോയി നന്ദൻ വെളിപ്പെടുത്തിയിട്ടുണ്ട്. ആൽഗകളുടെ ഈ പ്രതിഭാസത്തെ ആൽഗൽ ബ്ലും എന്നാണ് വിളിക്കുന്നത്. പച്ച നിറത്തിൽ കാണപ്പെടുന്നത് കടലിൽ വളരുന്ന അതീവ വിഷാംശം അടങ്ങിയ മാരകമായ ആൽഗകൾ ആണ് ഇത്. ഈ ആൽഗകൾ അടങ്ങിയ കടൽ വിഭവങ്ങൾ മനുഷ്യർ ഉപയോഗിച്ചാൽ ജീവന് പോലും ആപത്താണെന്നാണ് വിലയിരുത്തൽ. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാകുന്ന നിരവധി രാസവസ്തുക്കൾ ഇത്തരം ആൽഗകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സാധാരണ ഒരു മില്ലിയിൽ വിഷം ഉല്പാദിപ്പിക്കുന്ന 1000 ഷെല്ലുകളാണ് അടങ്ങിയിരിക്കുന്നത്. ആൽഗകൾ കൈകൊണ്ട് എടുക്കുന്നത് പോലും വളരെ ദോഷം ചെയ്യും. നിറം മാറുന്ന പ്രതിഭാസം സർവ സാധാരണയായി കാണപ്പെടുന്നതാണെങ്കിലും കടലിലെ ആവാസ വ്യവസ്ഥ പ്രതികൂലമാണെന്ന സൂചനയും ഈ ആൽഗകൾ നൽകുന്നു. മാരകമായ ആൽഗകൾ വർധിക്കുന്നതിന് പ്രധാന കാരണം അന്വേഷിച്ചാൽ മലിനീകരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ കടലിൽ അമിതമായി പോഷകങ്ങൾ അടങ്ങിയാലും ഈ പ്രതിഭാസം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ ഇപ്പോഴും കുസാറ്റിൽ നടക്കുന്നുണ്ട്.