national
'കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചു, മോദി തോറ്റു'; പരിഹസിച്ച് ജയറാം രമേശ്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കര്‍ണാടകയില്‍ ഫലം ഉറപ്പായതോടെ കോണ്‍ഗ്രസ് ജയിച്ചെന്നും പ്രധാനമന്ത്രി തോറ്റെന്നും ഉറപ്പായിരിക്കുകയാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രിയുടെ ജനഹിത പരിശോധനയാവും ഈ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാണ് ബിജെപി പ്രചാരണം നടത്തിയത്. അത് കര്‍ണാടക പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേരിട്ടത് വിലക്കയറ്റം, തൊഴിലില്ലായ്മ, ഭക്ഷ്യസുരക്ഷ, കര്‍ഷകപ്രശ്‌നങ്ങള്‍, വൈദ്യുതി വിതരണം, അഴിമതി എന്നിങ്ങനെയുള്ള സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെ മുന്‍ നിര്‍ത്തിയാണ്. അതേസമയം ഭിന്നിപ്പുണ്ടാക്കാനും ധ്രൂവീകരണത്തിനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ഐക്യവും ഒരുമിച്ചുകൊണ്ടുപോവുന്ന എഞ്ചിനാണ് കര്‍ണാടക വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.